
വാഷിങ്‌ടൺ: റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്ത്യയ്ക്കെതിരെ ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 50 ശതമാനം അധിക തീരുവ അമേരിക്കക്ക് തന്നെ തിരിച്ചടിയാകുമെന്ന് മുൻ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടന്‍റെ മുന്നറിയിപ്പ്. ട്രംപിന്റെ നടപടി ഇന്ത്യയെ റഷ്യയുമായും ചൈനയുമായും കൂടുതൽ അടുപ്പിക്കുമെന്നും അമേരിക്കക്കെതിരെ ഈ മൂന്ന് ലോകശക്തികളും ഒന്നിക്കുമെന്നും ജോൺ ബോൾട്ടൻ ചൂണ്ടിക്കാട്ടി. ഇന്ത്യയെ റഷ്യയിൽ നിന്നും ചൈനയിൽ നിന്നും അകറ്റാനുള്ള അമേരിക്കയുടെ ദീർഘകാല ശ്രമങ്ങളെ ട്രംപിന്റെ നയങ്ങൾ അപകടത്തിലാക്കിയെന്നും മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വിവരിച്ചു.
ഇന്ത്യ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങിയതിന്റെ പേര് പറഞ്ഞ് അമേരിക്ക ഇന്ത്യൻ ഇറക്കുമതികൾക്ക് മേൽ അധിക തീരുവ ചുമത്തിയതാണ് ഈ വിമർശനത്തിന് കാരണം. ആദ്യം 25 ശതമാനം തീരുവ പ്രഖ്യാപിച്ച ട്രംപ്, പിന്നീട് ഇത് 50 ശതമാനമായി ഉയർത്തുകയായിരുന്നു. ഈ തീരുമാനം അമേരിക്കയ്ക്ക് തിരിച്ചടിയാകുമെന്നും ഇന്ത്യ ഇതിനോട് പ്രതികൂലമായാണ് പ്രതികരിച്ചതെന്നും ബോൾട്ടൻ ചൂണ്ടിക്കാട്ടി.
ബോൾട്ടന്റെ അഭിപ്രായത്തിൽ, റഷ്യക്കെതിരായ നടപടിയെന്ന നിലയിൽ ഇന്ത്യയ്ക്ക് മേൽ അധിക തീരുവ ചുമത്തിയത് ഉദ്ദേശിച്ച ഫലം നൽകില്ല. പകരം, ഇത് ഇന്ത്യയെ റഷ്യയോടും ചൈനയോടും കൂടുതൽ അടുപ്പിക്കുകയും ഈ രാജ്യങ്ങൾ അമേരിക്കയ്ക്കെതിരെ ഒരുമിച്ച് നിൽക്കാൻ ഇടയാക്കുകയും ചെയ്യും. ഇന്ത്യയുമായുള്ള ദീർഘകാല ബന്ധത്തെ ഈ നയം ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. വർഷങ്ങളായി അമേരിക്ക പുലർത്തിവന്ന തന്ത്രപരമായ നയങ്ങളെ ട്രംപിന്റെ തീരുമാനങ്ങൾ വെല്ലുവിളിക്കുകയാണെന്നും ബോൾട്ടൻ കൂട്ടിച്ചേർത്തു. വിദേശകാര്യ വിദഗ്ധനും മുൻ യുഎസ് വാണിജ്യ വകുപ്പ് ഉദ്യോഗസ്ഥനുമായ ക്രിസ്റ്റഫർ പാഡില്ലയും ട്രംപിന്റെ നയങ്ങൾക്കെതിരെ രംഗത്തെത്തി. ഇന്ത്യ-അമേരിക്ക ബന്ധത്തെ ഈ അധിക തീരുവ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.