
ന്യൂയോർക്ക്: ന്യൂയോർക്കിലെ റോച്ചസ്റ്ററിൽ കൃത്യനിർവ്വഹണത്തിനിടെ മൂന്നുപൊലീസുകാർക്ക് വെടിയേറ്റു. വെള്ളിയാഴ്ച രാത്രി ന്യൂയോർക്കിലെ റോച്ചസ്റ്ററിലാണ് സംഭവം. ഒരാൾ, തൻ്റെ കാമുകിയുടെ മുൻ കാമുകൻ അവളുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിക്കുന്നു എന്ന് എമർജൻസി സേവനങ്ങളെ വിളിച്ച് അറിയിക്കുകയും ഇതേ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു.
പൊലീസ് എത്തിയ ഉടൻ വീടിൻ്റെ സമീപമുണ്ടായിരുന്ന മുൻ കാമുകൻ യാതൊരു മുന്നറിയിപ്പും പ്രകോപനവും കൂടാതെ പൊലീസുകാർക്കും പരാതിക്കാരനും നേരെ വെടിയുതിർക്കുകയായിരുന്നു. രണ്ട് ഉദ്യോഗസ്ഥർക്ക് സംഭവസ്ഥലത്തുവെച്ചും, പ്രതിക്കായി തിരച്ചിൽ നടത്തുന്നതിനിടെ മറ്റൊരു ഉദ്യോഗസ്ഥനും വെടിയേറ്റു. കൂടാതെ സംഭവസ്ഥലത്തുണ്ടായിരുന്ന പരാതിക്കാരനായ യുവാവിനും വെടിയേറ്റിട്ടുണ്ട്.
പരുക്കേറ്റ ഉദ്യോഗസ്ഥരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാൾക്ക് ഗുരുതരമായ പരിക്കേറ്റെങ്കിലും നിലവിൽ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. വെടിയേറ്റ ഉദ്യോഗസ്ഥരിൽ ഒരാൾ ബാലിസ്റ്റിക് വെസ്റ്റ് (ballistic vest) ധരിച്ചിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
അതേസമയം, വെടിയുതിർത്തശേഷം ഓടിരക്ഷപെടാൻ ശ്രമിച്ച പ്രതി പിന്നീട് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയും ചെയ്തു. സംഭവത്തിൽ റോച്ചസ്റ്റർ പൊലീസ് ഡിപ്പാർട്ട്‌മെൻ്റും (RPD) മറ്റ് ഏജൻസികളും അന്വേഷണം നടത്തിവരികയാണ്.
Three police officers shot while responding to domestic call in Rochester.















