
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിന്‍റെ പശ്ചാത്തലത്തിൽ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വിമർശനവുമായി ഓര്‍ത്തഡോക്‌സ് സഭാ തൃശൂര്‍ ഭദ്രസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് രംഗത്ത്. മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നതിനെയാണ് അദ്ദേഹം പരിഹസിച്ചത്. ‘വല്ല മതിലും ഇടിഞ്ഞു വീണാല്‍ കേരള സംസ്ഥാനം അനാഥമാകില്ലേ’ എന്നാണ് യൂഹാനോന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
‘എന്തിനാ ഇങ്ങനെ ഒച്ചപ്പാടുണ്ടാക്കുന്നത്, വല്ല മതിലും ഇടിഞ്ഞു വീണാല്‍ കേരള സംസ്ഥാനം അനാഥമാകില്ലേ? അതുകൊണ്ടാ ചികിത്സയ്ക്ക് അമേരിക്കയ്ക്ക് പോകുന്നത്,’ എന്ന് യൂഹാനോന്‍ കുറിച്ചു. ഇന്ന് പുലർച്ചെയാണ് ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് യാത്ര തിരിച്ചത്. കുടുംബത്തോടൊപ്പമാണ് മുഖ്യമന്ത്രിയുടെ യാത്ര.
മുഖ്യമന്ത്രിയുടെ യുഎസ് യാത്ര കേരളത്തിലെ ആരോഗ്യമേഖലയിലെ പ്രതിസന്ധികൾക്കിടയിലാണ് എന്നതാണ് വിമർശനത്തിന്റെ കാതൽ. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശസ്ത്രക്രിയാ ഉപകരണങ്ങളുടെ കുറവിനെപ്പറ്റി ഡോ. ഹാരിസ് ചിറക്കൽ എന്ന ഡോക്ടർ ഉന്നയിച്ച ആരോപണവും, കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിട തകർച്ചയും വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഈ സാഹചര്യത്തിൽ, യുഹാനോൻ മാർ മെലിത്തിയോസിന്റെ പോസ്റ്റ്, സർക്കാരിന്റെ ആരോഗ്യനയങ്ങളിലെ വൈരുദ്ധ്യങ്ങൾ എടുത്തുകാട്ടുന്നതായി വിമർശകർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ ഓഫീസ് ഇത്, 2022 ലെ ചികിത്സയുടെ തുടർച്ച മാത്രമാണെന്നും, കേരളത്തിന്റെ ആരോഗ്യമേഖല ഇന്ത്യയിലെ ഏറ്റവും മികച്ചതാണെന്നും വാദിക്കുന്നുണ്ട്.