തൃശൂരിൽ നടുക്കുന്ന സംഭവം, അസ്ഥിയുമായി യുവാവ് പൊലീസ് സ്റ്റേഷനില്‍, നവജാത ശിശുക്കളുടേതെന്ന് വെളിപ്പെടുത്ത ൽ, വിവാഹിതരല്ലാത്ത മാതാപിതാക്കൾ അറസ്റ്റിൽ

തൃശൂര്‍: അവിവാഹിതരായ മാതാപിതാക്കള്‍ നവജാത ശിശുക്കളെ കൊന്നു കുഴിച്ചുമൂടിയെന്ന് വെളിപ്പെടുത്തല്‍. ദോഷം തീരുന്നതിന് കര്‍മ്മം ചെയ്യാന്‍ അസ്ഥി പെറുക്കി സൂക്ഷിച്ചു. തൃശൂര്‍ പുതുക്കാടാണ് സംഭവം. അസ്ഥിക്കഷണങ്ങളുമായി പൊലീസ് സ്റ്റേഷനിലെത്തിയ യുവാവാണ് ഇക്കാര്യം പറഞ്ഞത്. സംഭവത്തില്‍ പുതുക്കാട് വെള്ളിക്കുളങ്ങര സ്വദേശിയായ 26 കാരനേയും 21 കാരിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. വിവാഹിതരല്ലാത്ത ഇവരാണ് മരണപ്പെട്ട നവജാത ശിശുക്കളുടെ മാതാപിതാക്കൾ എന്ന് വ്യക്തമായിട്ടിട്ടുണ്ട്.

മൂന്നു വര്‍ഷം മുമ്പാണ് ആദ്യ സംഭവം. അവിവാഹിതരായ ഇവര്‍ക്ക് ഒരു കുട്ടി ജനിച്ചു. സ്വന്തം വീട്ടിലെ ശുചിമുറിയിൽ വെച്ചായിരുന്നു പ്രസവം. എന്നാല്‍ പ്രസവശേഷം കുട്ടി മരിച്ചതായും, കുഞ്ഞിനെ കുഴിച്ചിട്ടതായും കാമുകനോട് പറഞ്ഞിരുന്നു. അപ്പോള്‍ ഏതെങ്കിലും തരത്തിലുള്ള ദോഷമുണ്ടെങ്കില്‍ പരിഹാര ക്രിയ ചെയ്യണമെന്നും, അതിനായി കുട്ടിയുടെ അസ്ഥി പെറുക്കി സൂക്ഷിക്കണമെന്നും പറഞ്ഞു.

അതുപ്രകാരം അസ്ഥി പെറുക്കി യുവതി ആണ്‍സുഹൃത്തിനെ ഏല്‍പ്പിച്ചു. ഇതിനുശേഷം അടുത്തിടെ രണ്ടാമതും ഇവര്‍ക്ക് കുട്ടിയുണ്ടായി. പ്രസവശേഷം ആ കുട്ടിയും മരിച്ചെന്നും കുഴിച്ചിട്ടതായും യുവതി പറഞ്ഞു. തുടര്‍ന്ന് ആ കുട്ടിയുടെ അസ്ഥിയും പെറുക്കി സൂക്ഷിച്ചു. ഇതിനിടെ യുവാവിന് സംഭവങ്ങളില്‍ ചില സംശയങ്ങള്‍ തോന്നി. ഒപ്പം യുവതിക്ക് മറ്റ് ബന്ധങ്ങൾ ഉണ്ടോയെന്നും സംശയമായി. തുടർന്നാണ് യുവാവ് സഞ്ചിയില്‍ അസ്ഥിക്കഷണങ്ങളുമായി ഇന്ന് പൊലീസ് സ്റ്റേഷനിലെത്തി വെളിപ്പെടുത്തൽ നടത്തിയത്.

21കാരിയേയും കാമുകനേയും പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. രണ്ട് നവജാതശിശുക്കളും പ്രസവാനന്തരമുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം മരിച്ചതാണോ, അതോ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയതാണോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. വിശദമായ ചോദ്യം ചെയ്യലിലൂടെയേ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കുകയുള്ളൂവെന്ന് പൊലീസ് സൂചിപ്പിച്ചു.

More Stories from this section

family-dental
witywide