
വയനാട് ജില്ലയിലെ ചീരാലിൽ ജനവാസ മേഖലയിൽ കടുവയെ കണ്ടെത്തി. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ചീരാൽ പഴൂർ റോഡിൽ പണിക്കരുപടിയിൽ വെച്ച് പ്രദേശവാസിയായ ജിതേഷ് കടുവയെ കണ്ടത്. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുണ്ടക്കൊല്ലിയിലും കടുവയെ കണ്ടതായി റിപ്പോർട്ടുകൾ. ചീരാൽ മേഖലയിൽ കഴിഞ്ഞ രണ്ട് മാസത്തിലേറെയായി കടുവാ ഭീഷണി നിലനിൽക്കുന്നുണ്ട്. ജനവാസ മേഖലയിൽ വീണ്ടും കടുവയെ കണ്ടതോടെ നാട്ടുകാർ ഭീതിയിലാണ്.
സ്ഥലത്ത് പൊലീസും വനം വകുപ്പും സംയുക്തമായി പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടക്കുകയാണെന്നും അതുവരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വനം വകുപ്പ് മുന്നറിയിപ്പ് നൽകി.