
വാഷിങ്ടൺ: നിരോധനം നീക്കാൻ അവസാനത്തെ അടവുമായി ടിക് ടോക്. ഡൊണാള്‍ഡ് ട്രംപിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ടിക് ടോക്കിൻ്റെ സിഇഒ പങ്കെടുത്തേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. ചടങ്ങിലേക്ക് ടിക് ടോക്ക് സിഇഒ ഷൗ സി ച്യൂവിനെ ക്ഷണിച്ചിട്ടുണ്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. എന്നാൽ ടിക്ക് ടോക്കോ അതിൻ്റെ ചൈനീസ് മാതൃസ്ഥാപനമായ ബൈറ്റ്ഡാൻസോ ഈ വാർത്തയോട് പ്രതികരിച്ചിട്ടില്ല.
നിലവിൽ ടിക് ടോക് നിരോധന ഭീഷണി നേരിടുന്നു. സുപ്രീം കോടതി നിരോധനം ശരിവെച്ചതോടെ 19ന് പ്രവർത്തനം അവസാനിപ്പിക്കണം. 170 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് അമേരിക്കയിൽ ടിക്ക് ടോക്കിനുള്ളത്. യുവാക്കൾക്കും പരസ്യദാതാക്കൾക്കുമിടയിൽ ടിക് ടോക്ക് വളരെ ജനപ്രിയമാണ്.
13 വയസില്‍ താഴെയുള്ള കുട്ടികള്‍ ആപ്പില്‍ ചേരുന്നത് തടയാന്‍ കമ്പനിക്കായില്ലെന്നും മാതാപിതാക്കളുടെ അനുമതിയില്ലാതെ കുട്ടികളെ ആപ്ലിക്കേഷനില്‍ ചേരാന്‍ അനുവദിക്കുന്നതിലൂടെ ടിക്‌ടോക്കും മാതൃകമ്പനിയായ ബൈറ്റ്‌ഡാന്‍സും കുട്ടികളുടെ ഓണ്‍ലൈന്‍ സ്വകാര്യത സംരക്ഷണ നിയമം ഇപ്പോഴും ലംഘിക്കുന്നതായി അമേരിക്ക ആരോപിച്ചിരുന്നു. ഇതിനെതിരെ കേസുകളും ഉണ്ടായിരുന്നു.
ഇതേ തുടർന്ന് ടിക് ടോക്കിനു അമേരിക്കൻ കോടതി നിരോധനം ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഏപ്രിലിൽ, ജോ ബൈഡൻ ബൈറ്റ്ഡാൻസ് തങ്ങളുടെ യുഎസ് ആസ്തികൾ ജനുവരി 19-നകം വിൽക്കണമെന്ന് ഉത്തരവിട്ടിരുന്നു. മസ്ക് കമ്പനി വാങ്ങാൻ ഉദ്ദേശ്യമുണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
Tik tok president to attend donald Trump inauguration ceremony