ട്രംപിന്‍റെ സ്ഥാനാരോഹണം കളറാക്കാൻ ആപ്പിൾ സിഇഒയും, ടിം കുക്ക് കോടികൾ സംഭാവന നൽകും; തീരുമാനം ‘സിരി’ ചോർത്തൽ വിവാദത്തിന് പിന്നാലെ

ന്യൂയോർക്ക്: നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സ്ഥാനാരോഹണ ഫണ്ടിലേക്ക് ആപ്പിൾ സിഇഒ ടിം കുക്ക് കോടികൾ സംഭാവന നൽകും. ഒരു മില്യൺ ഡോളർ (എട്ടര കോടിയോളം രൂപ) കുക്ക് സംഭാവന ചെയ്യുന്നതായി ഉറവിടങ്ങളെ ഉദ്ധരിച്ച് ആക്‌സിയോസാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ശതകോടീശ്വരനായ റിപ്പബ്ലിക്കൻ നേതാവിൻ്റെ സത്യപ്രതിജ്ഞ ജനുവരി 20 നാണ് നടക്കുക.ഐഫോണും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുന്ന ആളുകളെ വെർച്വൽ അസിസ്റ്റൻ്റ് സിരി ഉപയോഗിച്ച് ആപ്പിൾ കമ്പനി നിരീക്ഷിച്ചെന്നും വിവരങ്ങൾ ചോർത്തിയെന്നുമുള്ള വിവാദം ഒത്തുതീർപ്പിലേക്കെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ വാർത്തയും പുറത്തുവന്നിരിക്കുന്നത്.

കാലിഫോർണിയ ഫെഡറൽ കോടതിയിലെ കേസ് ഒത്തുതീർപ്പാക്കാനുള്ള നീക്കത്തിലാണ് ആപ്പിൾ കമ്പനി. കേസ് ഒത്തുതീർപ്പാക്കാൻ ഉപയോക്താക്കൾക്കടക്കം ആപ്പിൾ 95 മില്യൺ ഡോളർ (ഏകദേശം 820 കോടി രൂപ) മൊത്തത്തിൽ നൽകാൻ കമ്പനി തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് കമ്പനി സി ഇ ഒ ടിം കുക്ക്, ട്രംപ് അധികാരമേൽക്കുന്നതിനായുള്ള സ്ഥാനാരോഹണ ഫണ്ടിലേക്ക് വൻ തുക സംഭാവന നൽകാനും തീരുമാനിച്ചതെന്നാണ് വ്യക്തമാകുന്നത്.

അമേരിക്കയിലെ ഏറ്റവും വലിയ നികുതിദായകരായ ആപ്പിൾ, ഒരു കമ്പനി എന്ന നിലയിൽ സംഭാവന നൽകാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടാണ് സി ഇ ഒയുടെ പേരിൽ ഒരു മില്യൺ സംഭാവന നൽകാൻ തീരുമാനിച്ചിട്ടുള്ളതെന്നാണ് വിവരം.

More Stories from this section

family-dental
witywide