
തൃശൂർ: തൃശൂരിൽ മത്സരിക്കാൻ സുരേഷ് ഗോപി വോട്ട് മാറ്റിയത് നിയമ വിരുദ്ധമായാണെന്ന കോൺഗ്രസ് പരാതിയിൽ അന്വേഷണം തുടങ്ങി പൊലീസ്. ആറ് മാസം ഒരു സ്ഥലത്ത് താമസിക്കാതെ വ്യാജ സത്യവാങ്മൂലം നൽകിയെന്നാണ് കോൺഗ്രസിന്റെ പരാതിയിലുള്ളത്. തൃശൂർ എസിപിക്കാണ് അന്വേഷണത്തിന്റെ ചുമതല. തൃശൂർ മുൻ എംപിയും കോൺഗ്രസ് നേതാവുമായ ടി എൻ പ്രതാപനടക്കമുള്ളവരാണ് സുരേഷ് ഗോപിക്കെതിരെ വ്യാജ വോട്ട് പരാതി നൽകിയത്.
കോൺഗ്രസ് നേതാക്കളുടെ പരാതി ഫയലിൽ സ്വീകരിച്ചതായി തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ എസിപിക്ക് അന്വേഷണ ചുമതല നൽകി. വിഷയത്തിൽ നിയമപദേശം അടക്കം തേടുമെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. വ്യാജ രേഖ ചമച്ചതടക്കമുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിൽ വരും. വിഷയത്തിൽ വിശദമായ നിയമോപദേശവും തേടും. ജില്ലാഭരണാധികാരി കൂടിയായ കളക്ടറോട് പരാതിയിൽ നിർദേശം തേടാനും പൊലീസ് നീക്കമുണ്ട്.