
കരൂർ ദുരന്തത്തിന് കാരണമായത് ടിവികെ അധ്യക്ഷനും നടനുമായ വിജയ് വൈകി എത്തിയതെന്ന് എഫ്ഐആർ. പരിപാടി മനഃപൂർവം വൈകിപ്പിച്ചതായും, കൂടുതൽ ആളുകൾ എത്തുന്നതിനായി നേരം വൈകിപ്പിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നും എഫ്ഐആർ വ്യക്തമാക്കുന്നു. വിജയ് എത്താൻ വൈകിയതിനാൽ ആൾക്കൂട്ടം നിയന്ത്രണാതീതമായി, പ്രവർത്തകർ മരച്ചില്ലകളിലും കെട്ടിടങ്ങളിലും കയറിനിന്നു. ഇത് മരച്ചില്ല ഒടിയാൻ കാരണമായെന്നും എഫ്ഐആറിൽ പറയുന്നു.
അതിനിടെ, കരൂർ സന്ദർശിക്കാൻ അനുമതി തേടി വിജയ് ഹൈക്കോടതിയെ സമീപിച്ചു. പൊലീസും കലക്ടറും തടസ്സം സൃഷ്ടിക്കരുതെന്നും, സിസിടിവി ദൃശ്യങ്ങൾ സമർപ്പിക്കാൻ ഉത്തരവിടണമെന്നും വിജയ് ആവശ്യപ്പെട്ടു. ടിവികെ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടെങ്കിലും, പ്രത്യേക സിറ്റിങ് റദ്ദാക്കിയതിനാൽ ഹർജി ഇന്ന് പരിഗണിക്കില്ല. അവധിക്കാല ബഞ്ച് വെള്ളിയാഴ്ച ഹർജി പരിഗണിച്ചേക്കും. കരൂർ ദുരന്തത്തെ തുടർന്ന് വിജയ്‌യുടെ റാലി തടയണമെന്ന് ആവശ്യപ്പെട്ട് പരിക്കേറ്റ ഒരാൾ നൽകിയ ഹർജിയും ഇന്ന് പരിഗണിക്കപ്പെടാൻ സാധ്യതയില്ല.