ബോബിക്ക് ഇന്ന് നിര്‍ണായകം ; ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ലൈംഗികാധിക്ഷേപ പരാമര്‍ശം നടത്തിയതിന് നടി ഹണി റോസ് നല്‍കിയ പരാതിയില്‍ റിമാന്‍ഡിലായ വ്യവസായി ബോബി ചെമ്മണ്ണൂര്‍ അഴി എണ്ണുന്നത് തുടരുമോ എന്ന് ഇന്നറിയാം. ബോബിയുടെ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയില്‍ ബോബി ചെമ്മണ്ണൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

അതേസമയം, ബോബിയുടെ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ക്കും ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും. പരാതിക്കാരിയെ പിന്നാലെ നടന്ന് അപമാനിക്കുക ആയിരുന്നെന്നും പൊതുപരിപാടിയ്ക്കിടെ അനുവാദമില്ലാതെ ശരീരത്തില്‍ കടന്നുപിടിച്ചെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും.

നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്ന വാദം തന്നെയാണ് ബോബി ആവര്‍ത്തിക്കുന്നത്. തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും മജിസ്‌ട്രേറ്റ് കോടതി താന്‍ ഹാജരാക്കിയ രേഖകള്‍ കൃത്യമായി പരിശോധിച്ചില്ലെന്നുമുള്ള വാദങ്ങളും വെള്ളിയാഴ്ച ബോബി ഹൈക്കോടതിയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ അടിയന്തരമായി ഹര്‍ജി പരിഗണിക്കേണ്ട എന്ത് സാഹചര്യം ആണുള്ളതെന്ന് ചോദിച്ച കോടതി ഹര്‍ജി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. മറുപടി പറയാന്‍ സര്‍ക്കാരിന് സമയം നല്‍കിയ ശേഷമാണ് കോടതി ഹര്‍ജി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്.

More Stories from this section

family-dental
witywide