ഇന്ന് വിജയദശമി; ആദ്യാക്ഷരമെഴുതി കുരുന്നുകള്‍

ഇന്ന് വിജയദശമി. ഇന്ന് ആദ്യാക്ഷരമെഴുതി കുരുന്നുകള്‍ വിദ്യാരംഭം കുറിക്കുന്നു. ആരാധനാലയങ്ങള്‍ക്കു പുറമേ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാധ്യമ സ്ഥാപനങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലുമെല്ലാം വിദ്യാരംഭ ചടങ്ങുകള്‍ നടക്കുകയാണ്. വിദ്യാരംഭത്തിനായി കൊല്ലൂർ മൂകാംബിക ക്ഷേത്രം, പനച്ചിക്കാട് ദേവീക്ഷേത്രം, പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രം, തിരൂർ തുഞ്ചൻപറമ്പ് തുടങ്ങിയ വിവിധസ്ഥലങ്ങളിൽ ജനത്തിരക്കാണ്.

പൊന്നു തൊട്ട് നാവിൽ അക്ഷര മധുരം ഏറ്റുവാങ്ങിയാണ് കുരുന്നുകൾ അറിവിന്റെ ലോകത്തേക്ക് ചുവടുവെയ്ക്കുന്നത്. തിരൂർ തുഞ്ചൻ പറമ്പിൽ പാരമ്പര്യ എഴുത്താശാൻമാരും കവികളും സാഹിത്യകാരന്മാരുമാണ് കുരുന്നുകൾക്ക് അറിവിൻ്റെ ആദ്യാക്ഷരം കുറിക്കുന്നത്. ജാതിമതഭേദമന്യേ കേരളത്തിലെ എല്ലാ കേന്ദ്രങ്ങളിലും കുരുന്നുകൾ അക്ഷരലോകത്തേക്ക് കടക്കുന്ന ദിവസം കൂടിയാണിന്ന്.

വാദ്യ-നൃത്ത-സംഗീത അഭ്യാസങ്ങൾക്കും വിജയദശമി ദിനത്തിലാണ് തുടക്കം കുറിക്കുന്നത്. ദുര്‍ഗാഷ്ടമി നാളില്‍ പൂജ വച്ച് ആരാധിച്ച പുസ്തകങ്ങളും പണിയായുധങ്ങളും വിജയദശമി നാളായ ഇന്ന് പൂജയ്ക്ക് ശേഷം ഉപയോഗിച്ചു തുടങ്ങും. ദുര്‍ഗാദേവി മഹിഷാസുരനെ വധിച്ച്, തിന്മയ്ക്കുമേല്‍ നന്മ വിജയം നേടിയതിന്റെ ആഘോഷമാണ് വിജയദശമി.

More Stories from this section

family-dental
witywide