
കൊച്ചി : പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ മേധാവി ജെറോം പവലിനോട് ഉടനടി അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാന്‍ ആവശ്യപ്പെട്ടത് സ്വര്‍ണവില കുതിച്ചുകയറാന്‍ വഴിയൊരുക്കി.
കേരളത്തില്‍ ആദ്യമായി സ്വര്‍ണ്ണവില 74000 കടന്നു. ഇന്ന് ഒരു പവന് കൂടിയത് 2200 രൂപയാണ്. ഇതോടെ പവന് 74320 രൂപയായി. ഗ്രാമിന് 275 രൂപയും കൂടി 9290 രൂപയായി. ഇന്നലെ രേഖപ്പെടുത്തിയ ഗ്രാമിന് 9,015 രൂപയും പവന് 72,120 രൂപയുമെന്ന റെക്കോര്‍ഡ് തകര്‍ത്താണ് ഇന്നത്തെ സ്വര്‍ണവിലയുടെ കുതിപ്പ്. സ്വര്‍ണത്തിന് ഒരുദിവസം കേരളത്തില്‍ ഇത്രയധികം വില കൂടുന്നത് സമീപകാല ചരിത്രത്തില്‍ തന്നെ ആദ്യമാണ്.
ആഭരണപ്രേമികളെയും വിവാഹം ഉള്‍പ്പെടെ ആവശ്യങ്ങള്‍ക്കായി വലിയ അളവില്‍ ആഭരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നവരെയും കടുത്ത പ്രതിസന്ധിയിലാക്കുന്ന തരത്തിലാണ് വിലക്കയറ്റം.