
പാലിയേക്കരയിലെ ടോൾ പിരിവ് പുനരാരംഭിക്കാൻ അനുവദിക്കണമെന്ന കേന്ദ്ര സർക്കാരിന്റെയും ദേശീയപാതാ അതോറിറ്റിയുടെയും ആവശ്യം ഹൈക്കോടതി തുടർച്ചയായി ആറാം തവണയും തള്ളി. ടോൾ പിരിവിനുള്ള ഹൈക്കോടതിയുടെ വിലക്ക് തുടരും. ദേശീയപാതയിൽ യാത്രികർക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന ജില്ലാ കളക്ടറുടെ റിപ്പോർട്ടിലാണ് നടപടി. ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ ദേശീയപാതാ അതോറിറ്റി മറുപടി നൽകണമെന്നും കോടതി നിർദേശിച്ചു. ഹർജി ഹൈക്കോടതി ഈ മാസം 30-ന് പരിഗണിക്കാൻ മാറ്റി.
മുരിങ്ങൂരിൽ എന്താണ് അവസ്ഥയെന്ന ഹൈക്കോടതി ചോദ്യത്തിന് ആമ്പല്ലൂരിലും മുരിങ്ങൂരിലും ഇന്നലെയും ഗതാഗതക്കുരുക്ക് ഉണ്ടായെന്ന് തൃശൂർ ജില്ലാ കളക്ടറുടെ മറുപടി നൽകി. ചില സമയങ്ങളിൽ അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ ഗതാഗതക്കുരുക്കുണ്ട്. സർവീസ് റോഡ് തകർന്ന സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷ പ്രധാന വിഷയമാണെന്നും ജില്ലാ കളക്ടർ പറഞ്ഞു. ദേശീയപാതാ അതോറിറ്റിക്ക് ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ വീഴ്ചയുണ്ടെന്ന് ഹൈക്കോടതി വിമർശിച്ചു. ഗൗരവത്തോടെയല്ല എൻഎച്ച്എഐ ഗതാഗതക്കുരുക്കിനെ സമീപിക്കുന്നതെന്നും ഗതാഗതപ്രശ്‌നം പരിഹരിക്കാൻ എല്ലാവരും സഹകരിക്കുകയാണ് വേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.