
കൊച്ചി: രാജ്യത്ത് ദേശീയ പാതയിൽ പുതിയ മാറ്റം വരുന്നു. ദേശീയ പാതകളിലെ ടോൾ ബൂത്തുകളിൽ വാഹനം നിർത്താതെ തന്നെ ഇനി ടോൾ നൽകാം. രാജ്യത്തെ 25 ടോൾ ബൂത്തുകളിൽ അടുത്ത മാർച്ചിനകം ഈ സംവിധാനം നടപ്പാകും. സംസ്ഥാനത്ത് എൻഎച്ച് 66 വികസനത്തിന്‌റെ ഭാഗമായുള്ള നിർമാണം പൂർത്തിയാക്കിയ ശേഷം അടുത്ത ഘട്ടമായാകും പദ്ധതി നടപ്പാക്കുക.
മൾട്ടി ലൈൻ ഫ്രീ ഫ്ലോ ടോളിങ് സംവിധാനം ഉപയോഗിച്ചാണ് ദേശീയപാത അതോറിറ്റി വാഹനം തിരിച്ചറിഞ്ഞ് ഫാസ്ടാഗിൽ നിന്ന് ടോൾ തുക ഈടാക്കുക. ഇതിനായി കൂടുതൽ ശേഷിയുള്ള സെൻസറുകളും ക്യാമറകളും ഉപയോഗിക്കും. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് വാഹനങ്ങളുടെ നമ്പറും തിരിച്ചറിയും. ടോൾ പ്ലാസകളിൽ വാഹനം ടോൾ പിരിവിനായി ഏറെ ദൂരം നിർത്തേണ്ടി വരുന്ന പ്രശ്നത്തിനാണ് ഇതിലൂടെ പരിഹാരമാകുന്നത്.