
ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിലെ മരേഡുമില്ലി വനമേഖലയിൽ സുരക്ഷാസേനയുമായി നടന്ന ഏറ്റുമുട്ടലിൽ രാജ്യത്തെ ഏറ്റവും കുപ്രസിദ്ധരായ മാവോയിസ്റ്റ് കമാൻഡർമാരിൽ ഒരാളായ മദ്വി ഹിദ്മ (43) കൊല്ലപ്പെട്ടു. ഛത്തീസ്ഗഢ് – ആന്ധ്ര- ഒഡിഷ അതിർത്തി പ്രദേശത്ത് രാത്രി ആരംഭിച്ച കോംബിങ് ഓപ്പറേഷനിടെയാണ് രാവിലെ 6 മണിയോടെ ഏറ്റുമുട്ടൽ നടന്നത്. ഹിദ്മയോടൊപ്പം അദ്ദേഹത്തിന്റെ ഭാര്യ മദകം രാജെ (രാജാക്ക) ഉൾപ്പെടെ ആകെ ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി ആന്ധ്രാപ്രദേശ് പൊലീസ് സ്ഥിരീകരിച്ചു. സുരക്ഷാസേനാംഗങ്ങൾക്ക് പരിക്കില്ല.
ദന്തേവാഡ (2010-ൽ 76 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടത്), ഝിറാം ഘാടി (2013-ൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ 27 പേർ കൊല്ലപ്പെട്ടത്), സുക്മ-ബിജാപു്ര് (2021-ൽ 22 ജവാന്മാർ വീരമൃത്യു വരിച്ചത്) തുടങ്ങിയ രാജ്യത്തെ നടുക്കിയ 26-ഓളം വൻ ആക്രമണങ്ങളുടെ സൂത്രധാരനായിരുന്നു ഹിദ്മ. പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമിയുടെ (പിഎൽജിഎ) ബറ്റാലിയൻ 1 കമാൻഡറും സിപിഐ (മാവോയിസ്റ്റ്) സെൻട്രൽ കമ്മിറ്റി അംഗവുമായിരുന്നു ഹിദ്മ.
ഹിദ്മയുടെ മരണം മാവോയിസ്റ്റ് പ്രസ്ഥാനത്തിനുള്ള ശക്തമായ സന്ദേശമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ളവർ പ്രതികരിച്ചു. സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു.










