റഷ്യ – യുക്രെയ്ൻ സംഘർഷത്തെ “മോദിയുടെ യുദ്ധം” എന്ന് വിളിച്ച് ഉന്നത യുഎസ് ഉദ്യോഗസ്ഥൻ, ഇന്ത്യക്കാര്‍ അഹങ്കാരികളെന്നും പ്രതികരണം

വാഷിംഗ്ടണ്‍ : റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നുവെന്ന് കാട്ടി ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ പുതിയ ആക്രമണം അഴിച്ചുവിട്ട് വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ. റഷ്യ – യുക്രെയ്ന്‍ സംഘര്‍ഷത്തെ ‘മോദിയുടെ യുദ്ധം’ എന്നാണ് നവാരേ വിദ്വേഷകരമായി വിശേഷിപ്പിച്ചത്.

ഇന്ത്യക്ക് എണ്ണ വ്യാപാരം നടത്തി അതിലൂടെ ലഭിക്കുന്ന പണം യുക്രെയ്‌നിലെ ‘അവരുടെ യുദ്ധത്തിന്’ ധനസഹായം നല്‍കാന്‍ ഉപയോഗിക്കുന്നുവെന്ന് പറഞ്ഞായിരുന്നു നവാരോ മോദിക്കെതിരെ രൂക്ഷമായ ഭാഷ ഉപയോഗിച്ചതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഇതേ കാരണം ചൂണ്ടിക്കാട്ടിയാണ് മോദി ഇന്ത്യക്ക് 50 ശതമാനം ഭീമമായ ഇറക്കുമതി തീരുവ ചുമത്തിയത്.

‘ഇന്ത്യ ചെയ്യുന്ന കാര്യങ്ങള്‍ കാരണം അമേരിക്കയിലെ എല്ലാവര്‍ക്കും നഷ്ടം സംഭവിക്കുന്നു. ഉപഭോക്താക്കള്‍ക്കും ബിസിനസുകള്‍ക്കും എല്ലാം നഷ്ടപ്പെടുന്നു, ഇന്ത്യയുടെ ഉയര്‍ന്ന താരിഫുകള്‍ നമുക്ക് ജോലിയും ഫാക്ടറികളും വരുമാനവും ഉയര്‍ന്ന വേതനവും നഷ്ടപ്പെടുത്തുന്നതിനാല്‍ തൊഴിലാളികള്‍ക്ക് നഷ്ടം സംഭവിക്കുന്നു. പിന്നെ മോദിയുടെ യുദ്ധത്തിന് ധനസഹായം നല്‍കേണ്ടി വന്നതിനാല്‍ നികുതിദായകര്‍ക്ക് നഷ്ടം സംഭവിക്കുന്നു,’ ബ്ലൂംബെര്‍ഗ് ടിവിയുടെ ബാലന്‍സ് ഓഫ് പവറില്‍ നല്‍കിയ അഭിമുഖത്തില്‍ നവാരോ പറഞ്ഞു. ഇതില്‍ ഇടപെട്ട് ഈ പരാമര്‍ശങ്ങള്‍ തെറ്റല്ലേ പകരം ‘പുടിന്റെ യുദ്ധം’ എന്നല്ലേ പറയേണ്ടതെന്ന് അവതാരകന്‍ ചോദിച്ചു. എന്നാല്‍ താന്‍ പറഞ്ഞത് തിരുത്താന്‍ നവാരോ തയ്യാറായില്ല. പകരം യുക്രെയ്‌നിലെ മോദിയുടെ യുദ്ധം എന്ന് തന്നെ ആവര്‍ത്തിക്കുകയായിരുന്നു.

ഇന്ത്യയും ചൈനയും റഷ്യയുമായുള്ള എണ്ണ വ്യാപാരം നിര്‍ത്തേണ്ടതുണ്ടെന്നും, അത് ഒടുവില്‍ ഉക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുമെന്നും നവാരോ വാദിച്ചു. ഇതുകൂടാതെ തീരുവയുടെ പേരില്‍ ഇന്ത്യന്‍ ജനതയെ ഒന്നടങ്കം ആക്ഷേപിക്കുന്ന തരത്തില്‍ ‘ഇന്ത്യക്കാര്‍ വളരെ അഹങ്കാരികളാണ്’ എന്നും കൂട്ടിച്ചേര്‍ത്തു. ‘എന്നെ വിഷമിപ്പിക്കുന്ന കാര്യം, ഇന്ത്യക്കാര്‍ ഇതിനെക്കുറിച്ച് വളരെ അഹങ്കാരികളാണ്. അവര്‍ പറയുന്നു, ‘ഓ, ഞങ്ങള്‍ക്ക് ഉയര്‍ന്ന താരിഫുകളില്ല. ഓ, ഇത് ഞങ്ങളുടെ പരമാധികാരമാണ്. ഞങ്ങള്‍ക്ക് ഇഷ്ടമുള്ള ആരില്‍ നിന്നും എണ്ണ വാങ്ങാം.”- അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ

റഷ്യന്‍ എണ്ണയുടെ പേരില്‍ നവാരോ ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്നത് ഇതാദ്യമല്ല. ഇന്ത്യയെ ‘താരിഫുകളുടെ മഹാരാജാവ്’ എന്ന് നേരത്തെ അദ്ദേഹം വിശേഷിപ്പിച്ചത് ചര്‍ച്ചയായിരുന്നു.

More Stories from this section

family-dental
witywide