
ഹനോയ്: വടക്കന്‍ വിയറ്റ്‌നാമില്‍ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞ് അപകടം. എട്ട് കുട്ടികള്‍ ഉള്‍പ്പെടെ 34 പേര്‍ മരിക്കുകയും 8 പേരെ കാണാതാവുകയും ചെയ്തു. ഹാ ലോങ് ബേയിലേക്ക് 48 യാത്രക്കാരും അഞ്ച് ജീവനക്കാരുമായി തിരിച്ച വണ്ടര്‍ സീ ബോട്ടാണ് മറിഞ്ഞത്. വിയറ്റ്‌നാമിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഹാ ലോങ് ബേ. യാത്രക്കാരില്‍ ഭൂരിഭാഗവും ഹനോയിയില്‍ നിന്നുള്ള വിനോദസഞ്ചാരികളായിരുന്നു.
പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ശക്തമായ കൊടുങ്കാറ്റില്‍ ബോട്ട് മറിഞ്ഞത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇതുവരെ 11 പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. രക്ഷപ്പെട്ടവരില്‍ 14 വയസ്സുള്ള കുട്ടിയും ഉള്‍പ്പെടുന്നു.









