ഇടുക്കി ആനച്ചാലിൽ കുഞ്ഞുങ്ങളടക്കമുള്ള വിനോദ സഞ്ചാരികൾ സ്കൈ ഡൈനിങ്ങിൽ കുടുങ്ങി. രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങൾ അടക്കം 5 പേർ ഒന്നരമണിക്കൂറായി കുടുങ്ങി കിടക്കുകയാണ്. ക്രെയിനിൻ്റെ സങ്കേതിക തകരാർ മൂലമാണ് ഇവർ കുടുങ്ങിയിരിക്കുന്നത്. വിനോദ സഞ്ചാരികളും ജീവനക്കാരുമുൾപ്പെടെ എട്ടുപേരാണ് സ്കൈ ഡൈനിംങ്ങിലുള്ളതെന്നാണ് ഔദ്യോഗിക വിശദീകരണം.
ഇവരെ താഴെ ഇറക്കാനുള്ള നടപടികൾ തുടങ്ങി. അടിമാലിയിൽ നിന്നും മൂന്നാറിൽ നിന്നും ഫയർഫോഴ്സ് സംഘം രക്ഷാദൗത്യത്തിനായി പുറപ്പെട്ടു. റോപ്പും സീറ്റ് ബെൽറ്റും ഉൾപ്പെടെയുള്ള സുരക്ഷാ സൗകര്യങ്ങൾ ഉള്ളതിനാൽ അപകടത്തിനുള്ള സാധ്യതയില്ലെന്നാണ് അധികൃതർ പറയുന്നത്.
അഡ്വൈഞ്ചർ ടൂറിസത്തിൻ്റെ ഭാഗമായി ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനായി ഇടുക്കി ആനച്ചാലിൽ അടുത്തിടെയാണ് പദ്ധതി തുടങ്ങിയത്. 150 അടി ഉയരത്തിലാണ് ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്ന പദ്ധതി. അരമണിക്കൂറിലേറെ സമയമാണ് അവിടെ ചിലവിടുക. ഒരേസമയം 15 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഇതിലുള്ളത്. ആകാശക്കാഴ്ച്ച ആസ്വദിക്കാനുള്ള സൗകര്യത്തോടെയാണ് . ഇത് ക്രെയിൻ ഉപയോഗിച്ചാണ് ഇത് ഉയർത്തുന്നത്.
Tourists, including children, trapped at Idukki Sky Dining; Rescue operations continue










