
കോഴിക്കോട്: രക്തസാക്ഷി ടി.പി ചന്ദ്രശേഖരന്റെയും വടകര എംഎൽഎ കെ. കെ രമയുടെയും മകൻ അഭിനന്ദിന്റെ വിവാഹത്തിൽ പങ്കെടുത്ത് പ്രമുഖർ. സ്പീക്കർ എ.എൻ ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൾപ്പടെ രാഷ്ട്രീയ രംഗത്തെ പ്രമുഖരെല്ലാം എത്തിയതോടെ വിവാഹം കെങ്കേമമായി. വിവാഹ തിരക്കിനിടയിലും കെ.കെ രമ തന്നെ വേദിക്ക് മുന്നിൽ നിന്ന് അതിഥികളെ സ്വീകരിച്ചു.
രാഷ്ട്രീയത്തിനപ്പുറം സ്നേഹവും സൗഹൃദവും നിറഞ്ഞ സ്വീകരണം. വരന്റെ കുടുംബത്തിനൊപ്പം ആഘോഷങ്ങൾക്ക് മുന്നിൽ നിന്നത് വടകര എം.പി ഷാഫി പറമ്പിൽ ആയിരുന്നു. പ്രതിപക്ഷ നേതാവും ശശി തരൂർ എം.പിയും ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
സ്പീക്കർ എ.എൻ ഷംസീറിന് പുറമേ യു പ്രതിഭ എംഎൽഎ, സുരേഷ് കുറുപ്പ് എന്നീ സി പി എം നേതാക്കളും വധൂവരന്മാർക്ക് ആശംസകൾ നേരാൻ നേരിട്ടത്തി. ചാത്തമംഗലം സ്വദേശി റിയയാണ് അഭിനന്ദിന്റെ വധു. വടകര വള്ളിക്കാട് വെച്ചായിരുന്നു വിവാഹം.