സീറ്റ് ബെല്‍റ്റ് ധരിച്ചില്ല, അമിതവേഗത…കര്‍ണാടകയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പിഴചുമത്തി ട്രാഫിക് പൊലീസ്

ബംഗളൂരു: കര്‍ണാടകയില്‍ ഗതാഗത നിയമം ലംഘിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പിഴ ചുമത്തി ട്രാഫിക് പൊലീസ്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനും അമിതവേഗതയ്ക്കും അടക്കം 7 നോട്ടീസുകളാണ് അയച്ചത്. നോട്ടീസ് കിട്ടിയതില്‍ പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസ് പിഴയടക്കുകയും ചെയ്തു. 50 ശതമാനം പിഴത്തുക ഒഴിവാക്കിയിട്ടുള്ളതിനാല്‍ 7 നോട്ടീസുകള്‍ക്കും കൂടി 2500 രൂപയാണ് അടച്ചത്.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഔദ്യോഗിക വാഹനമായ ടൊയോട്ട ഫോര്‍ച്യൂണര്‍ 2024 ജനുവരി മുതലാണ് ഏഴ് ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തിയത്. നഗരത്തിലെ ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (ഐടിഎംഎസ്) ആണ് കേസെടുത്തത്. നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലെ കാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ മുന്‍ സീറ്റില്‍ യാത്ര ചെയ്യുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ജൂലൈയില്‍ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള എലവേറ്റഡ് എക്‌സ്പ്രസ് വേയില്‍ അമിതവേഗതയ്ക്ക് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു.

കഴിഞ്ഞയാഴ്ച ഒരാള്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ വിശദാംശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് നിയമലംഘനങ്ങള്‍ പുറത്തുവന്നത്. സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ ഗതാഗത പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംഭവം. ഇതിന്‍ പ്രകാരം ലക്ഷക്കണക്കിന് കേസുകള്‍ തീര്‍പ്പാക്കുകയും കോടിക്കണക്കിന് രൂപയുടെ പിഴകള്‍ ഈടാക്കുകയും ചെയ്തിരുന്നു.

Also Read

More Stories from this section

family-dental
witywide