
കാനഡയിലെ കൊടുംകാട്ടിൽ അകപ്പെട്ട്വെള്ളം മാത്രം കുടിച്ച് അതിജീവിച്ച ആൾക്ക് ഒടുവിൽ രക്ഷപ്പെടൽ. കൊടുംകാട്ടിൽ ഒമ്പത് ദിവസം അകപ്പെട്ട ആൻഡ്രൂ ബാർബർ എന്ന 39-കാരനാണ് ചെളിവെള്ളം മാത്രം കുടിച്ച് കൊടുംകാട്ടിൽ കഴിച്ചുകൂട്ടിയത്. ഒടുവിൽ അദ്ദേഹത്തിന് Help എന്ന വാക്കും SOS എന്ന വാക്കും രക്ഷയാകുകയായിരുന്നു.
ജൂലായ് 31 മുതലാണ് ആൻഡ്രൂവിനെ കാണാതായത്. ഇയാൾ ഓടിച്ചിരുന്ന ട്രക്ക് വടക്കൻ വാൻകൂവറിൽ നിന്ന് 587 കിലോമീറ്റർ അകലെ മക്ലീസ് തടാകത്തിന് സമീപത്തുവെച്ച് ബ്രേക്ക് ഡൗണായിര. കാട്ടിലൂടെയുള്ള റോഡിൽ വെച്ച് ട്രക്ക് പണിമുടക്കിയതോടെ താൻ കുടുങ്ങി എന്ന് മനസിലായ അദ്ദേഹം സുരക്ഷിതമായ സ്ഥലത്തേക്ക് മാറുകയായിരുന്നു.
ആൻഡ്രൂ ഏകദേശം അഞ്ച് കിലോമീറ്ററോളം അകലെ വലിയൊരു പാറയ്ക്കടുത്തേക്കായിരുന്നു എത്തിച്ചേർന്നത്. പിന്നീട് ചെളികൊണ്ട് താത്കാലിക ഷെൽട്ടറുണ്ടാക്കി അതിൽ താമസിക്കുകയായിരുന്നു. ഈ ദിവസങ്ങളിൽ സമീപത്തെ കുളത്തിൽ നിന്നുള്ള ചെളിവെള്ളം മാത്രം കുടിച്ചാണ് ഇയാൾ അതീജിവിച്ചത്. തുടർന്ന് രക്ഷപ്പെടാനായി അവിടെയുള്ള ആ വലിയ പാറയിൽ HELP എന്ന വാക്കും കൂടാതെ സഹായത്തിനുവേണ്ടിയുള്ള SOS എന്ന വാക്ക് ചെളിയിലും വലുതാക്കി എഴുതി കാത്തിരിക്കുകയായിരുന്നു.
തുടർന്നാണ് മിസിംഗ് ആയ നാൾ മുതൽ ക്വെൽ സെർച്ച് ആൻഡ് റെസ്ക്യൂ (ക്യുഎസ്ആർ) സംഘം ഹെലികോപ്റ്ററിൽ തിരച്ചിൽ നടത്തുമ്പോൾ ഈ രണ്ട് വാക്കുകളും കണ്ടാണ് ആൻഡ്രൂവിന് സമീപം പറന്നിറങ്ങിയത്. അദ്ദേഹത്തെ കണ്ടെത്തുമ്പോൾ ചെറിയ പരിക്കുകൾ ശരീരത്തിലുണ്ടായിരുന്നു. ഒപ്പം നിർജലീകരണവും സംഭവിച്ചിരുന്നു. ഉടൻ തന്നെ കാട്ടിൽ നിന്ന് രക്ഷപ്പെടുത്തി അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നിലവിൽ ആൻഡ്രു ചികിത്സയിലാണ് .