ബാബറി മസ്ജിദ് പുനർനിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച എംഎൽഎ ഹുമയൂൺ കബീറിനെ സസ്പെൻഡ് ചെയ്ത് തൃണമൂൽ

മുർഷിദാബാദ്: പശ്ചിമബംഗാളിലെ മുർഷിദാബാദിൽ ബാബറി മസ്ജിദ് പുനർനിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച തൃണമൂൽ കോൺഗ്രസ് എംഎൽഎ ഹുമയൂൺ കബീറിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ബാബറി മസ്ജിദ് പുനർനിർമ്മിക്കുന്നതിൻ്റെ തറക്കല്ലിടൽ ഈ ആഴ്ചയിൽ നടത്തുമെന്നായിരുന്നു ഹുമയൂൺ പറഞ്ഞത്.

പാർട്ടി മതേതര സിദ്ധാന്തത്തിൽ വിശ്വസിക്കുന്നുവെന്നും കബീറിന്റെ പ്രസ്താവനകളുമായി യോജിക്കുന്നില്ലെന്നും കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം പ്രതികരിച്ചു. “മുർഷിദാബാദിൽ നിന്നുള്ള ഞങ്ങളുടെ എംഎൽഎമാരിൽ ഒരാൾ പെട്ടെന്ന് ബാബറി മസ്ജിദ് പുനർനിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചത് ഞങ്ങൾ ശ്രദ്ധിച്ചു. എന്തുകൊണ്ടാണ് പെട്ടെന്ന് ബാബറി മസ്ജിദ്? ഞങ്ങൾ അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകി. ഞങ്ങൾ മതേതര സിദ്ധാന്തത്തിൽ വിശ്വസിക്കുന്നു. ഞങ്ങളുടെ പാർട്ടിയുടെ തീരുമാനപ്രകാരം, ഞങ്ങൾ എംഎൽഎ ഹുമയൂൺ കബീറിനെ സസ്‌പെൻഡ് ചെയ്യുന്നു,” മേയർ പറഞ്ഞു.

മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് മേധാവിയുമായ മമത ബാനർജി കബീറിന്റെ പരാമർശങ്ങളിൽ “അങ്ങേയറ്റം അതൃപ്തി” പ്രകടിപ്പിച്ചതായി വൃത്തങ്ങൾ നേരത്തെതന്നെ പ്രതികരിച്ചിരുന്നു. ഇത്തരത്തിലുള്ള ഒരു നീക്കവുമായി താനും പാർട്ടിയും സഹകരിക്കില്ലെന്നും ഭരത്പൂരിൽ നിന്നുള്ള എംഎൽഎ ഹുമയൂണിനെ അറിയിച്ചിരുന്നു.

സസ്‌പെൻഷൻ വാർത്ത വരുമ്പോൾ, എസ്ഐആറുമായി ബന്ധപ്പെട്ട് മമത ബാനർജിയുടെ റാലിയിൽ പങ്കെടുക്കുകയായിരുന്നു ഹുമയൂൺ. നടപടിയോട് പ്രതിഷേധം പ്രകടിപ്പിച്ച് ഈ റാലിയിൽ നിന്ന് ഹുമയൂൺ കബീർ ഇറങ്ങിപ്പോയെന്നും റിപ്പോർട്ടുണ്ട്.

കബീറിന്റെ പ്രസ്താവനകൾ ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുന്നുണ്ടെങ്കിൽ, എന്തുകൊണ്ടാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാത്തതെന്ന് ബംഗാൾ ഗവർണർ ആനന്ദ ബോസ് നേരത്തെ സംസ്ഥാന സർക്കാരിനോട് ചോദിച്ചിരുന്നു. പിന്നാലെയാണ് സസ്പെൻഷൻ നടപടി.

Trinamool MLA Humayun Kabir Suspended Over Proposal To Build Babri Mosque model