
ന്യൂഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പിലെ മിന്നും വിജയത്തില്‍ ബിജെപി നടത്തിയ ആഘോഷങ്ങള്‍ക്കിടെ പശ്ചിമ ബംഗാളിനെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമര്‍ശിച്ചിരുന്നു. ബംഗാളില്‍ ബിജെപിയുടെ വിജയത്തിന് ബിഹാര്‍ വഴിയൊരുക്കിയെന്നാണ് പ്രധാനമന്ത്രി മോദി ഇന്നലെ പറഞ്ഞത്. എന്നാല്‍ ബംഗാള്‍ ജനത ഒരിക്കലും ബിജെപിയെ അംഗീകരിക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് തിരിച്ചടിച്ചു.
ബിജെപിയും ജെഡിയുവും നയിക്കുന്ന എന്‍ഡിഎ ഇന്നലെ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയമാണ് നേടിയത്. ഈ വിജയത്തിന്റെ സന്തോഷം പങ്കുവയ്ക്കവെയാണ് പ്രധാനമന്ത്രി ബംഗാളിനെ അഭിസംബോധന ചെയ്തത്.
‘ഗംഗാ നദി ബീഹാര്‍ വഴി ബംഗാളിലേക്ക് ഒഴുകുന്നു. നദി പോലെ ബീഹാറിലെ വിജയം ബംഗാളിലെ നമ്മുടെ വിജയത്തിന് വഴിയൊരുക്കി,’ പ്രധാനമന്ത്രി തന്റെ ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ പരാമര്‍ശിച്ചതിങ്ങനെ. എന്നാല്‍, ബംഗാളിനെ തന്റെ പാര്‍ട്ടിയുടെ റെക്കോര്‍ഡുകളിലേക്ക് ചേര്‍ക്കുന്ന മറ്റൊരു ഭൂമിയെപ്പോലെയാണ് മോദി പരിഗണിക്കുന്നതെന്നായിരുന്നു തൃണമൂലിന്റെ രാജ്യസഭാ എംപിയായ സാഗരിക ഘോഷ് ആരോപിച്ചത്. ‘പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാള്‍ കീഴടക്കുന്നതിനെക്കുറിച്ച് സംസാരിച്ചു, ബംഗാള്‍ അദ്ദേഹത്തിന്റെ പദ്ധതിയില്‍ ചേര്‍ക്കാനാകുന്ന മറ്റൊരു ഭൂമി പോലെയാണെന്ന് പറഞ്ഞു,’ തൃണമൂല്‍ എംപി തന്റെ എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ രാഷ്ട്രീയം ബംഗാള്‍ ഒരിക്കലും അംഗീകരിക്കില്ലെന്നും സാഗരിക ഉറപ്പിച്ചു പറഞ്ഞു.
Trinamool MP says Bengal will never accept PM’s politics.














