ട്രൈസ്റ്റേറ്റ് കേരളാ ഫോറം ‘മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്’ ഡോ. കൃഷ്ണ കിഷോറിന്

ഫിലഡൽഫിയ: ഏഷ്യാനെറ്റ് ന്യൂസ് യുഎസ്എയുടെ മേധാവി ഡോ. കൃഷ്ണ കിഷോറിന് ട്രൈസ്റ്റേറ്റ് ഏരിയയിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരള ഫോറം പ്രഖ്യാപിച്ച 2025-ലെ മാൻ ഓഫ് ദി ഇയർ അവാർഡ്. അമേരിക്കൻ മലയാളി സമൂഹത്തിനിടയിൽ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകളാണ് ഈ അംഗീകാരത്തിന് അടിസ്ഥാനം. 2025 ഓഗസ്റ്റ് 23, ശനിയാഴ്ച ഫിലാഡൽഫിയയിലെ സീറോ മലബാർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ഗംഭീരമായ ഓണാഘോഷ വേദിയിൽ അവാർഡ് ഔപചാരികമായി സമ്മാനിക്കും.

മൂന്നു ദശകത്തിലേറെയായി അമേരിക്കയിൽ സ്ഥിരതാമസക്കാരനായ ഡോ. കൃഷ്ണ കിഷോർ, മുതിർന്ന മാധ്യമപ്രവർത്തകനെന്ന നിലയിലും സാമൂഹിക രംഗത്ത് സജീവമായി ഇടപെടുന്ന വ്യക്തിയെന്ന നിലയിലും ശ്രദ്ദേയനാണ്. കഴിഞ്ഞ 18 വർഷത്തിലേറെയായി ഏഷ്യാനെറ്റ് ന്യൂസിന് വേണ്ടി അമേരിക്കയിൽ നിന്നുള്ള എല്ലാ വാർത്താ കവറേജുകൾക്കും അദ്ദേഹം നേതൃത്വം നൽകുന്നു. അമേരിക്കൻ സംഭവവികാസങ്ങൾ ആഴത്തിലും വ്യക്തതയോടും പൂർണതയോടും കൂടി ഇന്ത്യൻ ജനതയിലേക്ക് എത്തിക്കുന്നതിൽ അദ്ദേഹം എല്ലായ്പ്പോഴും വിജയിച്ചിട്ടുണ്ട്. അഞ്ച് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകൾ, ഇന്ത്യൻ പ്രധാനമന്ത്രിയുടെ യുഎസിലേക്കുള്ള ഒന്നിലധികം സന്ദർശനങ്ങൾ, മറ്റ് നിർണായക സംഭവങ്ങൾ എന്നിവ അദ്ദേഹം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പത്രപ്രവർത്തന മികവിന് 20-ലധികം അവാർഡുകൾ ഡോ. കൃഷ്ണ കിഷോർ നേടിയിട്ടുണ്ട്. കായിക റിപ്പോർട്ടിങ്ങിൽ അസാധാരണമായ താൽപ്പര്യം പ്രകടിപ്പിക്കുന്ന അദ്ദേഹം, ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി), ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി), വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് (ഡബ്ല്യുഐസിബി) എന്നിവയുടെ അംഗീകാരം നേടിയ വ്യക്തിയാണ്. കോർപ്പറേറ്റ് മേഖലയിലും മാധ്യമരംഗത്തും നൽകിയ മികച്ച സേവനങ്ങൾ അദ്ദേഹത്തിന്റെ ബഹുമുഖ പ്രതിഭയെ വ്യക്തമാക്കുന്നു.

സതേണ്‍ ഇല്ലിനോയിസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സയന്‍സില്‍ പിജിയും പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പിഎച്ച്ഡിയും നേടിയിട്ടുള്ള അദ്ദേഹം എംഐടി സ്ലോണ്‍ സ്‌കൂള്‍ ഓഫ് മാനേജ്മെന്റില്‍ നിന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ എക്സിക്യൂട്ടീവ് കോഴ്സും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

More Stories from this section

family-dental
witywide