‘കുടുംബത്തിന്റെ പാക് ഇടപാടുകള്‍ക്കായി ട്രംപ് ഇന്ത്യയുമായുള്ള ബന്ധം ഉപേക്ഷിച്ചു’ മുന്‍ യുഎസ് ഉദ്യോഗസ്ഥന്‍

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പാകിസ്ഥാനിലെ തന്റെ കുടുംബത്തിന്റെ ബിസിനസ് ഇടപാടുകള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധം അപകടത്തിലാക്കിയതെന്ന് മുന്‍ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍.

ഇന്ത്യ-യുഎസ് ബന്ധം ത്യജിക്കാനുള്ള ട്രംപിന്റെ നീക്കത്തെ അമേരിക്കയുടെ സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് ‘വലിയ തന്ത്രപരമായ ദോഷം’ എന്നാണ് ബൈഡന്‍ കാലഘട്ടത്തിലെ ഉദ്യോഗസ്ഥന്‍കൂടിയായ സള്ളിവന്‍ വിശേഷിപ്പിച്ചത്.

‘ദശകങ്ങള്‍ പഴക്കമുള്ള ബന്ധമായിരുന്നു ട്രംപ് താറുമാറാക്കിയതെന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുമായി സാങ്കേതികവിദ്യ, സാമ്പത്തികശാസ്ത്രം തുടങ്ങിയ നിരവധി വിഷയങ്ങളില്‍ അമേരിക്ക ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും സള്ളിവന്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല, ചൈനയില്‍ നിന്നുള്ള തന്ത്രപരമായ ഭീഷണി നേരിടാന്‍ ഇന്ത്യയുമായുള്ള ഉറച്ച ബന്ധം സഹായകരമാണെന്നും മെയ്ഡാസ് ടച്ച് എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കവെ സള്ളിവന്‍ പറഞ്ഞു.

‘ട്രംപ് കുടുംബവുമായി ബിസിനസ്സ് ഇടപാടുകള്‍ നടത്താനുള്ള പാകിസ്ഥാന്‍ സന്നദ്ധത പ്രകടിപ്പിച്ചതിനാല്‍, ട്രംപ് ഇന്ത്യാ ബന്ധം ഉപേക്ഷിച്ചു,’ സള്ളിവന്‍ വിമര്‍ശിച്ചു. ‘നമ്മുടെ വാക്ക് നമ്മുടെ ബന്ധമായിരിക്കണം. നമ്മള്‍ പറയുന്ന കാര്യങ്ങള്‍ക്ക് നമ്മള്‍ നല്ലവരായിരിക്കണം. നമ്മുടെ സുഹൃത്തുക്കള്‍ക്ക് നമ്മളെ ആശ്രയിക്കാന്‍ കഴിയണം, അതാണ് എപ്പോഴും നമ്മുടെ ശക്തി. ഇന്ത്യയുമായി ഇപ്പോള്‍ സംഭവിക്കുന്നത് വലിയ നേരിട്ടുള്ള പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു. ലോകത്തിലെ നമ്മുടെ എല്ലാ ബന്ധങ്ങളിലും പങ്കാളിത്തങ്ങളിലും ഇത് സ്വാധീനം ചെലുത്തുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യയില്‍ നിന്ന് വിലക്കുറവില്‍ അസംസ്‌കൃത എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടം ഇന്ത്യയെ ലക്ഷ്യം വയ്ക്കാന്‍ തുടങ്ങിയതിനുശേഷം, സമീപ മാസങ്ങളില്‍ ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയായിണ്. റഷ്യയുമായി വ്യാപാരം ബന്ധം തുടരുന്നുവെന്ന് കാട്ടി 50 ശതമാനം അധിക തീരുവയാണ് ഇന്ത്യക്ക് ചുമത്തിയിരിക്കുന്നത്. എന്നാല്‍, റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണയും വാതകവും ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന ചൈനയെയോ യൂറോപ്പിനെയോ തൊടാതെയാണ് ട്രംപ് ഇന്ത്യക്കെതിരെ തിരിഞ്ഞത്. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാന് തിരിച്ചടി നല്‍കി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കിയത് താനാണെന്ന് ട്രംപ് ആവര്‍ത്തിക്കുന്നുണ്ട്. ഈ അവകാശവാദം തെറ്റാണെന്നും അമേരിക്കയുടെ എന്നല്ല, മറ്റൊരു രാജ്യത്തിന്റെ മധ്യസ്ഥതയും ഇതില്‍ ഇന്ത്യ സ്വീകരിച്ചിട്ടില്ലെന്നും പാക്കിസ്ഥാന്‍ നേരിട്ട് ആവശ്യപ്പെട്ടതോടെയാണ് ഇന്ത്യ വെടിനിര്‍ത്തലിന് തയ്യാറായതെന്നും ഇതിനകം പലപ്രാവശ്യം ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഇതും ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്.

Also Read

More Stories from this section

family-dental
witywide