
വാഷിംഗ്ടൺ: രാജ്യത്തെ 79 ദശലക്ഷം മെഡികെയിഡ് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ, വിലാസങ്ങളും വംശീയ വിവരങ്ങളും ഉൾപ്പെടെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്‌മെന്‍റ് (ICE) ഉദ്യോഗസ്ഥർക്ക് ലഭ്യമാക്കാൻ ധാരണയായതായി റിപ്പോർട്ട്. നിയമപരമല്ലാത്ത രീതിയിൽ അമേരിക്കയിൽ താമസിക്കുന്ന കുടിയേറ്റക്കാരെ കണ്ടെത്താനാണ് ഈ വിവരങ്ങൾ ഉപയോഗിക്കുക. സെൻ്റർസ് ഫോർ മെഡികെയിഡ് ആൻഡ് മെഡികെയർ സർവീസസും (CMS) ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയും (DHS) തമ്മിൽ തിങ്കളാഴ്ച ഒപ്പുവെച്ച കരാർ അനുസരിച്ച്, രാജ്യത്തുടനീളമുള്ള വിദേശികളുടെ സ്ഥാനം കണ്ടെത്താൻ ഐസ് ഉദ്യോഗസ്ഥർക്ക് ഈ വിവരങ്ങൾ സഹായകമാകും. ഈ കരാർ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല.
ദശലക്ഷക്കണക്കിന് ആളുകളുടെ സ്വകാര്യ ആരോഗ്യ വിവരങ്ങൾ നാടുകടത്തൽ ഉദ്യോഗസ്ഥർക്ക് കൈമാറാനുള്ള ഈ അസാധാരണമായ നീക്കം, ട്രംപ് ഭരണകൂടത്തിൻ്റെ കുടിയേറ്റ വിരുദ്ധ നടപടികളിലെ ഏറ്റവും പുതിയ ഉദാഹരണമാണ്. പ്രതിദിനം 3,000 പേരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിൽ, നിയമപരമായ അതിരുകൾ പലപ്പോഴും ഇവർ ലംഘിച്ചിട്ടുണ്ട്.
ചില സംസ്ഥാനങ്ങളിലെ മെഡികെയിഡ് ഉപഭോക്താക്കളുടെ വിവരങ്ങൾ നാടുകടത്തൽ ഉദ്യോഗസ്ഥർക്ക് ലഭ്യമാക്കുന്നത് നിയമപരമാണോ എന്ന് നിയമനിർമ്മാതാക്കളും ചില സിഎംഎസ് ഉദ്യോഗസ്ഥരും ചോദ്യം ചെയ്തിരുന്നു. ഏറ്റവും പുതിയ ഡാറ്റാ കൈമാറ്റ കരാർ, ആരോഗ്യ വിവരങ്ങൾ ഐസ് ഉദ്യോഗസ്ഥർ എന്തിന് ഉപയോഗിക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്.