
വാഷിംഗ്ടണ്‍ : ഹാര്‍വാര്‍ഡ് സര്‍വകലാശാലയുമായുള്ള പോരാട്ടം ശക്തമാക്കി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണകൂടം. ജൂത വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുന്നതില്‍ ഹാര്‍വാര്‍ഡ് പരാജയപ്പെട്ടുവെന്ന് കണ്ടെത്തിയെന്നും എല്ലാ ഫണ്ടിംഗും വെട്ടിക്കുറയ്ക്കുമെന്നും ട്രംപ് ഭരണകൂടം സര്‍വകലാശാലയെ ഭീഷണിപ്പെടുത്തി. മാസങ്ങളായി ജൂത വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുന്നതില്‍ ഹാര്‍വാര്‍ഡ് പരാജയപ്പെടുന്നുവെന്ന് ട്രംപ് ഭരണകൂടം ആരോപിച്ചിരുന്നു. എന്നാല്‍ ഒരു ഔദ്യോഗിക കണ്ടെത്തല്‍ക്കൂടി സര്‍ക്കാരിന് ലഭിച്ചതോടെ സര്‍വ്വകലാശാലയ്ക്കുള്ള കൂടുതല്‍ ഫെഡറല്‍ ഫണ്ടിംഗ് തടയുന്നതിനുള്ള ഒരു മാര്‍ഗംകൂടി തെളിയുകയാണ്.
ജൂത വിദ്യാര്‍ത്ഥികളെയും ഫാക്കല്‍റ്റിയെയും യഹൂദ വിരുദ്ധമായി ഉപദ്രവിക്കുന്നതില്‍ സര്‍വകലാശാല ‘മനഃപൂര്‍വ്വം പങ്കാളിയാണെന്ന്’ തങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തിയതായി ഹാര്‍വാര്‍ഡിന് അയച്ച കത്തില്‍ ഒരു ഫെഡറല്‍ ടാസ്‌ക് ഫോഴ്സ് പറഞ്ഞു. ഹാര്‍വാര്‍ഡ് ഇനിയും ഇത് തുടര്‍ന്നാല്‍ ‘എത്രയും വേഗം’ പൗരാവകാശ കേസ് ഫയല്‍ ചെയ്യാന്‍ കേസ് നീതിന്യായ വകുപ്പിന് റഫര്‍ ചെയ്യുമെന്നും ടാസ്‌ക് ഫോഴ്സ് ഭീഷണിപ്പെടുത്തി.
ക്യാമ്പസ് ഭരണം, നിയമനം, പ്രവേശനം എന്നിവയില്‍ വലിയ മാറ്റങ്ങള്‍ ആവശ്യപ്പെട്ട ഭരണകൂടത്തെ അനുസരിക്കാത്തതിന് പിന്നാലെ ഉപരോധങ്ങള്‍ നേരിട്ട ഹാര്‍വാര്‍ഡുമായുള്ള വൈറ്റ് ഹൗസിന്റെ സംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്നതാണ് പുതിയ നീക്കം.
ഉടനടി മതിയായ മാറ്റങ്ങള്‍ വരുത്തണമെന്നും, പരാജയപ്പെട്ടാല്‍ എല്ലാ ഫെഡറല്‍ സാമ്പത്തിക സ്രോതസ്സുകളും നഷ്ടപ്പെടുന്നതിന് കാരണമാകുമെന്നും സര്‍ക്കാരുമായുള്ള ഹാര്‍വാര്‍ഡിന്റെ ബന്ധത്തെ തുടര്‍ന്നും ബാധിക്കുമെന്നും ഉദ്യോഗസ്ഥര്‍ കത്തില്‍ പറഞ്ഞു.
ഇതിനകം തന്നെ, ഹാര്‍വാര്‍ഡിന് സര്‍ക്കാര്‍ 2.6 ബില്യണ്‍ ഡോളറിലധികം ഗവേഷണ ഗ്രാന്റുകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്. എന്നാല്‍ പൗരാവകാശ ലംഘനം ഹാര്‍വാര്‍ഡിന്റെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വകലാശാലയില്‍ ചേരുന്നതിനുള്ള ഫെഡറല്‍ വായ്പകളോ ഗ്രാന്റുകളോ സ്വീകരിക്കാനുള്ള യോഗ്യതയെ ഇല്ലാതാക്കും. ഉന്നത വിദ്യാഭ്യാസത്തില്‍ പലപ്പോഴും ‘വധശിക്ഷ’ എന്ന് വിളിക്കപ്പെടുന്ന ഒരു ശിക്ഷാ രീതിയാണിത്.