
വാഷിംഗ്ടണ്‍ : കൊളംബിയ സര്‍വ്വകലാശാലയും ഡോണള്‍ഡ് ട്രംപുമായുള്ള തുറന്ന പോരാട്ടം മറ്റൊരു തലത്തിലേക്ക്. കൊളംബിയ സര്‍വകലാശാലയുടെ അംഗീകാരത്തെയാണ് ട്രംപ് ഭരണകൂടം ഇപ്പോള്‍ ഭീഷണിപ്പെടുത്തുന്നത്. ജൂത വിദ്യാര്‍ത്ഥികളുടെ പൗരാവകാശങ്ങള്‍ ലംഘിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്ന് കൊളംബിയയുടെ അംഗീകാരം റദ്ദാക്കുമെന്ന ഭീഷണിപ്പെടുത്തലാണ് ട്രംപ് ഭരണകൂടം ഇപ്പോള്‍ നടത്തുന്നത്.
ഫെഡറല്‍ വിവേചന വിരുദ്ധ നിയമങ്ങള്‍ ലംഘിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചെന്നും ‘ജൂത വിദ്യാര്‍ത്ഥികളെ ഉപദ്രവിക്കുന്നതില്‍ മനഃപൂര്‍വമായി പ്രവര്‍ത്തിച്ചു’ എന്നും വിദ്യാഭ്യാസ സെക്രട്ടറി ലിന്‍ഡ മക്മഹോണ്‍ ഒരു കത്തില്‍ ആരോപിച്ചു. കൊളംബിയയുടെ നടപടികളെ ‘അധാര്‍മ്മികവും’ ‘നിയമവിരുദ്ധവുമാണ്’ എന്നാണ് അദ്ദേഹം വിളിച്ചത്. കൊളംബിയയുടെ മേല്‍നോട്ടം വഹിക്കുന്ന മിഡില്‍ സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഹയര്‍ എഡ്യൂക്കേഷനാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കി കത്ത് നല്‍കിയത്.
വിദ്യാഭ്യാസ വകുപ്പിന്റെ ഫണ്ട് എങ്ങനെ അനുവദിക്കണമെന്ന് നിര്‍ണ്ണയിക്കാന്‍ സര്‍ക്കാര്‍ ഉപയോഗിക്കുന്ന നിരവധി സ്വതന്ത്ര അക്രഡിറ്ററുകളില്‍ ഒന്നാണ് മിഡില്‍ സ്റ്റേറ്റ്‌സ് ഓര്‍ഗനൈസേഷന്‍.വിവേചന വിരുദ്ധ നിയമങ്ങള്‍ ലംഘിച്ചതായി ആരോപിക്കപ്പെടുന്ന കൊളംബിയ ‘കമ്മീഷന്റെ അക്രഡിറ്റേഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല’ എന്നും കത്തിലുണ്ട്.
മാത്രമല്ല, ഗാസയിലെ യുദ്ധവുമായി ബന്ധപ്പെട്ട് യുഎസ് കാമ്പസുകളില്‍ നടന്ന യുദ്ധവിരുദ്ധ പ്രതിഷേധങ്ങള്‍ക്കിടയില്‍ കൊളംബിയയും മറ്റ് യുഎസ് സര്‍വകലാശാലകളും ജൂത വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ട്രംപും വാദിക്കുന്നു.