വാഷിംഗ്ടൺ: അമേരിക്കയിലെ H-1B വിസ നിബന്ധനകൾ വീണ്ടും കടുപ്പിച്ച് ട്രംപ് ഭരണകൂടം. അമേരിക്കക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്ന നയങ്ങളുള്ളവരെ ഒഴിവാക്കാനാണ് ട്രംപ് ഭരണകൂടത്തിൻ്റെ ലക്ഷ്യം. ഇതിൻ്റെ ഭാഗമായി അപേക്ഷകൻ്റെ സോഷ്യൽ മീഡിയ ഇടപെടലുകൾ കർശനമായി പരിശോധിച്ചാകും വിസ അനുവദിക്കുക. ഇത് സംബന്ധിച്ച നിർദ്ദേശം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഡിസംബർ 2-ന് വിദേശ മിഷനുകൾക്ക് അയച്ചു. റോയിട്ടേഴ്സാണ് പുതിയ നയത്തെക്കുറിച്ചുള്ള ആദ്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ടെക്ക് കമ്പനികളിൽ, പ്രത്യേകിച്ച് സോഷ്യൽ മീഡിയ സ്ഥാപനങ്ങളിലാണ് മുഖ്യമായും H-1B വിസ ഉപയോഗിക്കുന്നത്. പുതിയ മാറ്റം എല്ലാ വിസ അപേക്ഷകരെയും ബാധിക്കുന്നതാണെങ്കിലും, സോഷ്യൽ മീഡിയയിലോ ധനകാര്യ മേഖലകളിലോ പ്രവർത്തിക്കുന്ന H-1B അപേക്ഷകർ കൂടുതൽ പരിശോധിക്കപ്പെടുമെന്നാണ് കേബിൾ വ്യക്തമാക്കുന്നത്.
വൈറ്റ് ഹൗസിനടുത്ത് കഴിഞ്ഞ മാസം ഒരു നാഷണൽ ഗാർഡ് അംഗം അഫ്ഗാൻ സ്വദേശിയുടെ വെടിയേറ്റ് മരിച്ചതിനെ തുടർന്ന് നിയമപരമായ കുടിയേറ്റം നിയന്ത്രിക്കാൻ തീവ്രനടപടികൾ സ്വീകരിക്കുമെന്ന് ട്രംപ് പ്രസ്താവിച്ചിരുന്നു. ഇതിനുമുമ്പേ, ഈ വർഷം സെപ്റ്റംബറിൽ H-1B വിസ അപേക്ഷാ ഫീസ് 100,000 ഡോളറാക്കി ഉയർത്തിയിട്ടുണ്ട്.
അതേസമയം, പുതിയ മാറ്റത്തിൽ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കോൺസുലർ ഓഫീസർമാർ അപേക്ഷകരുടെ റെസ്യൂമുകളും ലിങ്ക്ഡ്ഇൻ പ്രൊഫൈലുകളും കൂടാതെ ട്രേഡ് പബ്ലിക്കേഷനുകളിൽ വന്ന ലേഖനങ്ങളും പരിശോധിക്കാൻ നിർദേശമുണ്ട്. ഇതിനിടെ, ഈ വർഷം ജൂണിൽ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ഹാർവാർഡ് സർവകലാശാല സന്ദർശിക്കാൻ വിസ ആവശ്യപ്പെടുന്ന വിദേശികളുടെ സോഷ്യൽ മീഡിയ കർശനമായി പരിശോധിക്കാൻ കോൺസുലർ ഓഫീസർമാർക്ക് നിർദേശം നൽകിയിരുന്നു.
Trump administration tightens H-1B visa rules again; will punish those with policies that undermine Americans’ freedom of expression












