
വാഷിംഗ്ടണ്‍ : ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ആണവയുദ്ധം തന്നെ ഉണ്ടായേക്കാമായിരുന്നുവെന്നും തന്റെ ഇടപെടലാണ് എല്ലാം ശാന്തമാക്കിയതെന്നും ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ഇരു രാജ്യങ്ങളുമായുള്ള എല്ലാ കരാറുകളും റദ്ദാക്കാന്‍ താന്‍ നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും തയാറായതെന്നും ട്രംപ് വീണ്ടും അവകാശവാദം ഉന്നയിച്ചു. ഞങ്ങള്‍ മികച്ച ചില കാര്യങ്ങള്‍ ചെയ്തുവെന്നും ഇതിലും കൂടുതല്‍ കാര്യങ്ങള്‍ ചെയ്ത ഒരു പ്രസിഡന്റ് എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന് എനിക്കറിയില്ലെന്നും ട്രംപ് സ്വയം പുകഴ്ത്തുകയും ചെയ്തു.
‘ഞങ്ങള്‍ ചില മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇന്ത്യയ്ക്കും പാകിസ്ഥാനും. അത് ഒരുപക്ഷേ ആണവയുദ്ധമായിരിക്കും. ഞങ്ങള്‍ അത് ചെയ്തു. ഞങ്ങള്‍ ധാരാളം കാര്യങ്ങള്‍ ചെയ്തു. ഇതിലും കൂടുതല്‍ കാര്യങ്ങള്‍ ചെയ്ത ഒരു പ്രസിഡന്റ് എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന് എനിക്കറിയില്ല,’ ജന്മാവകാശ പൗരത്വ കേസില്‍ ദേശീയ നിരോധനങ്ങള്‍ സംബന്ധിച്ച കീഴ്ക്കോടതികളുടെ അധികാരം പരിമിതപ്പെടുത്തുന്നത് ഉള്‍പ്പെടെ യുഎസ് സുപ്രീം കോടതിയുടെ നിരവധി തീരുമാനങ്ങള്‍ക്ക് ശേഷം വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ട്രംപ് പറഞ്ഞു.
അമേരിക്ക, ഡല്‍ഹിയുമായും ഇസ്ലാമാബാദുമായും ‘വ്യാപാരം’ ചെയ്യില്ലെന്ന് രാജ്യങ്ങളോട് പറഞ്ഞതിന് ശേഷം, ആണവയുദ്ധമായി മാറാന്‍ സാധ്യതയുള്ള ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം താന്‍ അവസാനിപ്പിച്ചുവെന്നാണ് ട്രംപ് ആവര്‍ത്തിച്ചത്.
ഇന്ത്യ മുമ്പ് നിരവധി പ്രാവശ്യം തിരുത്തിയ അവകാശവാദമാണ് ട്രംപ് വീണ്ടും വീണ്ടും ഉന്നയിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ മുമ്പ് ഇക്കാര്യം ട്രംപിനോട് വിശദീകരിക്കുകയും പാക്കിസ്ഥാന്റെ ആവശ്യപ്രകാരമാണ് വെടിനിര്‍ത്തലിലേക്ക് കടന്നതെന്നും വ്യക്തമാക്കിയിരുന്നു. എങ്കിലും ട്രംപ് ഇനിയും തിരുത്താന്‍ തയ്യാറായിട്ടില്ല.