
വാഷിംഗ്ടണ്‍: ഇന്ത്യ-പാക് സംഘര്‍ഷം അവസാനിച്ചത് യുഎസിന്റെ ഇടപെടലിലൂടെയാണെന്ന അവകാശവാദം ആവര്‍ത്തിച്ച് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. പരസ്പരം വെടിയുതിര്‍ക്കുന്നവരുമായി വ്യാപാരം നടത്താനാകില്ലെന്ന് ഇരുരാജ്യങ്ങളോടും യുഎസ് പറഞ്ഞെന്നും, ഒരു ആണവ ദുരന്തമായി മാറിയേക്കാവുന്ന സംഘര്‍ഷമാണ് താന്‍ ഇടപെട്ട് ഒഴിവാക്കിയതെന്ന് വിശ്വസിക്കുന്നതായും ട്രംപ് പറയുന്നു. ഓവല്‍ ഓഫീസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് യുദ്ധത്തില്‍ നിന്ന് ഇന്ത്യയേയും പാകിസ്താനേയും തടഞ്ഞുവെന്ന് ട്രംപ് ആവര്‍ത്തിച്ചത്.
‘ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം ഞങ്ങള്‍ തടഞ്ഞു. അത് ഒരു ആണവ ദുരന്തമായി മാറിയേനെ എന്ന് ഞാന്‍ വിശ്വസിക്കുന്നു, ഇന്ത്യയുടെയും പാകിസ്ഥാന്റെയും നേതാക്കള്‍ക്ക് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, എന്റെ ജനങ്ങള്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പരസ്പരം വെടിവയ്ക്കുകയും ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള ആളുകളുമായി നമുക്ക് വ്യാപാരം നടത്താന്‍ കഴിയില്ലെന്ന് ഞങ്ങള്‍ പറഞ്ഞു’ ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇരു രാജ്യങ്ങളിലെയും നേതാക്കളെ ‘മികച്ചവര്‍’ എന്ന് വിളിച്ച ട്രംപ്, അവര്‍ തന്റെ നിലപാട് മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്തുവെന്നും പറഞ്ഞു. മാത്രമല്ല, മറ്റുള്ളവരെ പോരാട്ടത്തില്‍ നിന്ന് ഞങ്ങള്‍ തടയുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വെടിനിര്‍ത്തല്‍ ധാരണയില്‍ മധ്യസ്ഥത വഹിച്ചെന്ന ട്രംപിന്റെയും യുഎസ് ഭരണകൂടത്തിന്റെയും അവകാശവാദങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു ഔദ്യോഗിക പ്രസ്താവനയിലൂടെ നിഷേധിച്ചിരുന്നു. ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഡിജിഎസ്എംഒ തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകളിലൂടെയാണ് വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതെന്ന് ഇന്ത്യന്‍ സര്‍ക്കാരും ഇന്ത്യന്‍ സൈന്യവും വാദിച്ചു. എന്നാല്‍ ഇതൊന്നും ട്രംപ് ചെവിക്കൊള്ളുന്ന മട്ടില്ല.