
വാഷിംഗ്ടൺ: ഖത്തറിന്റെ മണ്ണിൽ ഇനി യാതൊരു ആക്രമണവും ഉണ്ടാകില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉറപ്പ് നൽകി. ഈ വിഷയത്തിൽ ഖത്തർ സർക്കാരിന് പൂർണ പിന്തുണ വാഗ്ദാനം ചെയ്തതായി വൈറ്റ് ഹൗസ് വ്യക്തമാക്കി. ഏതെങ്കിലും ആക്രമണ നീക്കത്തെക്കുറിച്ച് വിവരം ലഭിച്ചാലുടൻ ഖത്തറിനെ അറിയിക്കാൻ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന് ട്രംപ് നിർദേശം നൽകി. ഖത്തറിനെതിരായ ഏത് ഭീഷണിയും അമേരിക്കൻ സൈന്യം നിരീക്ഷിക്കുന്നുണ്ടെന്നും, ആവശ്യമായ വിവരങ്ങൾ ഉടൻ കൈമാറുമെന്നും വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.
അതേസമയം, ഹമാസിനോട് എല്ലാ ബന്ദികളെയും ഉടൻ മോചിപ്പിക്കണമെന്ന് ട്രംപ് ആവർത്തിച്ച് ആവശ്യപ്പെട്ടു. മധ്യ പൂർവേഷ്യയിലെ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിന് യുഎസ് സൈന്യം ഖത്തറുമായി അടുത്ത് സഹകരിക്കുന്നുണ്ടെന്നും, ഏതെങ്കിലും ആക്രമണ നീക്കം ശ്രദ്ധയിൽപ്പെട്ടാൽ അതിനെക്കുറിച്ചുള്ള വിവരങ്ങൾ ഖത്തർ അധികൃതർ യുഎസിനെ അറിയിച്ചതായും വൈറ്റ് ഹൗസ് വെളിപ്പെടുത്തി. പ്രദേശത്തെ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ യുഎസ് പ്രതിജ്ഞാബദ്ധമാണെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അറിവും സമ്മതവും ഉണ്ടായിരുന്നുവെന്ന ചർച്ച കൊഴുക്കുന്നു. ഇസ്രയേലി മാധ്യമങ്ങൾ ഇക്കാര്യം ആദ്യം മുതലേ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ ട്രംപിന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തിലെ പോസ്റ്റും സമാന വാദം ശരിവക്കുന്നതാണ്. ഹമാസിന് വെടിനിർത്തൽ ധാരണകൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് രണ്ട് ദിവസം മുമ്പ് അവസാന മുന്നറിയിപ്പ് നൽകിയിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ “ഇത് അവസാന മുന്നറിയിപ്പ്, ഇനി ഒന്ന് ഉണ്ടാകില്ല” എന്ന് ട്രംപ് കുറിച്ചതാണ് വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്.