
ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ- പാക്ക് സംഘര്‍ഷമുണ്ടായപ്പോള്‍ അതില്‍ മധ്യസ്ഥത വഹിച്ചത് തന്റെ നേതൃത്വത്തിലാണെന്ന് ഒന്നും രണ്ടും വട്ടമല്ല, ഇപ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യ പലപ്പോഴായി ട്രംപിന്റെ ഈ അവകാശ വാദത്തെ എതിര്‍ത്തിട്ടും ട്രംപ് പിന്മാറുന്ന മട്ടില്ല. ഇന്ത്യയെപ്പോലെ പാക്കിസ്ഥാനെയും ചേര്‍ത്തുപിടിക്കുന്ന ട്രംപിന്റെ നീക്കത്തിനു പിന്നില്‍ മറ്റൊരു കാര്യം കൂടിയുണ്ടെന്ന് കാട്ടുന്ന ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.
ട്രംപ് കുടുംബത്തിന്റെ പിന്തുണയുള്ള യുഎസ് ആസ്ഥാനമായുള്ള ക്രിപ്‌റ്റോ സ്ഥാപനമായ വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യല്‍ (WLF), പാകിസ്ഥാനില്‍ ബ്ലോക്ക്‌ചെയിന്‍ നവീകരണവും ക്രിപ്‌റ്റോകറന്‍സി സംയോജനവും ത്വരിതപ്പെടുത്തുന്നതിനുള്ള ഒരു കരാറില്‍ ഒപ്പുവെച്ചിരിക്കുകയാണ്. വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യലും പാകിസ്ഥാന്‍ ക്രിപ്റ്റോ കൗണ്‍സിലും ആണ് കരാറില്‍ ഒപ്പുവച്ചത്. പാക്കിസ്ഥാനെ ദക്ഷിണേഷ്യയുടെ ക്രിപ്റ്റോ തലസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ മാസം ആദ്യം ഈ കരാര്‍ ഒപ്പിട്ടത്. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ച് ബിനാന്‍സിന്റെ സ്ഥാപകനായ ചാങ്സ്പെങ് ഷാവോയെ ഉപദേഷ്ടാവായി നിയമിച്ച വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യലും തിടുക്കത്തില്‍ ആരംഭിച്ച പാകിസ്ഥാന്‍ ക്രിപ്റ്റോ കൗണ്‍സിലും തമ്മിലാണ് കരാര്‍ ഒപ്പിട്ടത്. ഇസ്ലാമാബാദിനെ ദക്ഷിണേഷ്യയുടെ ക്രിപ്റ്റോ തലസ്ഥാനമാക്കുക ലക്ഷ്യത്തോടെയാണ് കഴിഞ്ഞ മാസം ആദ്യം ഈ കരാര്‍ ഒപ്പിട്ടത്.
പഹല്‍ഗാമിലെ മാരകമായ ഭീകരാക്രമണം ഇന്ത്യക്കും പാകിസ്ഥാനും ഇടയില്‍ സംഘര്‍ഷം സൃഷ്ടിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇരു രാജ്യങ്ങളുടേയും പരസ്പര സഹകരണം എന്നതാണ് ശ്രദ്ധേയം. പാകിസ്ഥാനില്‍ ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ വികസിപ്പിക്കല്‍, സ്റ്റേബിള്‍കോയിന്‍, എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ കരാര്‍.
കഴിഞ്ഞ വര്‍ഷം ആരംഭിച്ച വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യല്‍ എന്ന സംരംഭത്തിന്റെ ഏകദേശം 60 ശതമാനം നിയന്ത്രിക്കുന്നത് യുഎസ് ട്രംപിന്റെ കമ്പനിയാണ്. പ്രസിഡന്റ് ട്രംപ് ‘ചീഫ് ക്രിപ്‌റ്റോ അഡ്വക്കേറ്റ്’ ആയി സേവനമനുഷ്ഠിക്കുന്നു. ട്രംപിന്റെ രണ്ട് മക്കളായ എറിക്, ഡോണള്‍ഡ് ട്രംപ് ജൂനിയര്‍ എന്നിവരാണ് വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യന്റെ പങ്കാളികള്‍. എറിക്കും ഡോണള്‍ഡ് ജൂനിയറും ‘വെബ്3 അംബാസഡര്‍’ എന്ന പദവി വഹിക്കുന്നു, ഇളയ മകന്‍ ബാരണ്‍ ‘ഡെഫൈ വിഷനറി’ എന്ന പദവിയിലാണുള്ളത്.
ഇസ്ലാമാബാദില്‍ നടന്ന ഔപചാരിക കരാര്‍ ഒപ്പുവെക്കല്‍ ചടങ്ങിന് പാക് സര്‍ക്കാരിന്റെ പിന്തുണ ഉണ്ടായിരുന്നു. പരിപാടിയില്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി തരാര്‍, പിസിസി ചീഫ് എക്‌സിക്യൂട്ടീവ് ബിലാല്‍ ബിന്‍ സയീദ്, വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യല്‍ സഹ-ചെയര്‍മാന്‍ സാക്ക് വെറ്റ്‌കോഫ് എന്നിവര്‍ പങ്കെടുത്തു. കൂടാതെ, യുഎസ് പ്രതിനിധി സംഘം പാകിസ്ഥാന്‍ പ്രധാനമന്ത്രി, സൈനിക മേധാവി, ഉപപ്രധാനമന്ത്രി, ഇന്‍ഫര്‍മേഷന്‍, പ്രതിരോധ മന്ത്രിമാര്‍ എന്നിവരുമുണ്ടായിരുന്നു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കേണ്ടത് ഇരു രാജ്യങ്ങളുടേയും ഉത്തരവാദിത്വമാണെന്നും ആയുധം താഴെവയ്ക്കാന്‍ തനിക്ക് ഇരു കൂട്ടരോടും പറയാനാവില്ലെന്നും പറഞ്ഞ ട്രംപാണ് പെട്ടെന്ന് മലക്കം മറിഞ്ഞ് സമാധാനത്തിനായി വാദിക്കാന്‍ തുടങ്ങിയത്. യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടല്‍ നടത്തുന്നുവെന്നും പാക്കിസ്ഥാനെയും ഇന്ത്യയേയും മാറിമാറി ബന്ധപ്പെട്ടെന്നും ട്രംപ് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. പാക്കിസ്ഥാന്‍ ഉള്‍പ്പെട്ട സംഘര്‍ഷം വേഗത്തില്‍ അവസാനിപ്പിക്കേണ്ടത് ട്രംപിന്റെ കൂടി ആവശ്യംപോലെയാണ് ചിലര്‍ ചൂണ്ടിക്കാട്ടിയത്.
ഡബ്ല്യുഎല്‍എഫുമായി സഹകരിച്ച് ക്രിപ്റ്റോ കറന്‍സിയിലേക്കുള്ള പാക്കിസ്ഥാന്റെ നാടകീയമായ മുന്നേറ്റം ഇതിനകം തന്നെ ലാഭവിഹിതം നല്‍കി തുടങ്ങിയോ എന്ന ചിന്തയും ബലപ്പെടുത്തുന്നുണ്ട്.












