
വാഷിംഗ്ടണ്‍ ; മുന്‍ പ്രസിഡന്റ് ജോ ബൈഡനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബൈഡന്‍ അഴിമതിക്കാരനായിരുന്നുവെന്നും മണ്ടനാണെന്നുമായിരുന്നു ട്രംപിന്റെ ആക്ഷേപം. യുക്രെയ്ന്‍ സമാധാന കരാര്‍ ചര്‍ച്ചകള്‍ക്കു മുമ്പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് ബൈഡനെ നിശിതമായി വിമര്‍ശിച്ചത്.
യുക്രെയ്ന് യുഎസ് നല്‍കിക്കൊണ്ടിരിക്കുന്ന സഹായത്തെക്കുറിച്ചുള്ള ചോദ്യത്തിന് ആയുധങ്ങള്‍ നല്‍കുന്നതല്ലാതെ പണമൊന്നും യുക്രെയ്‌ന് നല്‍കുന്നില്ലെന്ന് ട്രംപ് പ്രതികരിച്ചു. നൂറുകണക്കിന് കോടി ഡോളറാണ് ഇതിനോടകം യുക്രെയ്ന് യുഎസ് നല്‍കിയതെന്നും ഇനി എത്രയാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്നും മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ 300 ബില്യണ്‍ ഡോളര്‍ നല്‍കിയിട്ടുണ്ടെന്നും ജോ ബൈഡന്റെ കാലത്തായിരുന്നു അതെന്നും ട്രംപ് പറഞ്ഞു. ഈ സംസാരത്തിന്റെ തുടര്‍ച്ചയായാണ് ബൈഡനെ കുറ്റപ്പെടുത്തിയത്.
‘അഴിമതിക്കാരനായിരുന്നു ബൈഡന്‍. ബുദ്ധിയില്ലാത്ത മനുഷ്യന്‍, അഴിമതി നിറഞ്ഞ ഭരണമായിരുന്നു. റഷ്യ – യുക്രെയ്ന്‍ യുദ്ധത്തില്‍ നിരവധി ജനങ്ങളും സൈനികരും കൊല്ലപ്പെട്ടു. യുദ്ധം അവസാനിപ്പിക്കാന്‍ ബൈഡന്‍ ഒന്നും ചെയ്തില്ല. 2022 ല്‍ താനായിരുന്നു യുഎസ് പ്രസിഡന്റ് എങ്കില്‍ യുദ്ധം ഉണ്ടാകുമായിരുന്നില്ല. അഴിമതിക്കാരനും ഭയങ്കരനുമായ പ്രസിഡന്റ് ആയിരുന്നു ബൈഡന്‍’ – ട്രംപിന്റെ വാക്കുകള്‍ ഇങ്ങനെ.