തെലങ്കാനയിലെ ‘ഫ്യൂച്ചർ സിറ്റി’ ഉൾപ്പെടെയുള്ള പദ്ധതികളിൽ ഒരുലക്ഷം കോടി രൂപയുടെ നിക്ഷേപവുമായി ട്രംപ്

തെലങ്കാനയുടെ മുഖം അടിമുടി മാറുന്നു. തെലങ്കാനയിലെ ‘ഫ്യൂച്ചർ സിറ്റി’ ഉൾപ്പെടെയുള്ള പദ്ധതികളിൽ അടുത്ത 10 വർഷത്തിനകം ഒരുലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താൻ അമേരിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ബിസിനസ് ഗ്രൂപ്പ് ഒരുക്കുന്നു. നിക്ഷേപത്തെ കുറിച്ച്, ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പ് കോർപറേഷൻ സിഇഒയും ട്രംപിന്റെ സ്വന്തം സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിന്റെ സ്‌ഥാപക സിഇഒയുമായ എറിക് സ്വൈഡറാണ് പ്രഖ്യാപനം നടത്തിയത്. തെലങ്കാന റൈസിങ് ഗ്ലോബൽ സമ്മിറ്റിൽ സംബന്ധിക്കുകയായിരുന്നു എറിക്.

ഇന്ത്യ തിളങ്ങുകയാണെന്നും ടെക്നോളജിയുടെ ലോകത്തെ ലീഡറുടെ റോളിലേക്ക് കുതിക്കുകയാണെന്നും എറിക് സ്വൈഡർ പറഞ്ഞു. 20 വർഷം മുൻപുവരെ ഇന്ത്യയെ ഞങ്ങൾ കണ്ടിരുന്നത് വെറുമൊരു ‘കോൾ സെന്റർ’ എന്ന നിലയിലായിരുന്നു. 20 വർഷങ്ങൾക്കിപ്പുറം നോക്കുമ്പോൾ ഇന്ത്യ കാഴ്ചവച്ചത് ടെക്നോളജി രംഗത്ത് വൻ മുന്നേറ്റമാണ്. ആരാണ് മുൻനിര ടെക് കമ്പനികളെ നയിക്കുന്നതെന്ന് നോക്കിയാൽതന്നെ ഇന്ത്യയുടെ മുന്നേറ്റം വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, തെലങ്കാന മത്സരിക്കുന്നത് മറ്റ് സംസ്ഥാനങ്ങളുമായല്ലെന്നും മറിച്ച് ചൈന, ജപ്പാൻ, ജർമനി, സിംഗപ്പുർ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുമായാണെന്നും ഉച്ചകോടിയുടെ ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു. 2047ഓടെ തെലങ്കാനയെ 3 ട്രില്യൻ ഡോളർ സമ്പദ്വ്യവസ്ഥയാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടുദിവസമായി നടക്കുന്ന ഉച്ചകോടിയിൽ തെലങ്കാന രണ്ടര ലക്ഷം കോടി രൂപയ്ക്കടുത്ത് നിക്ഷേപ വാഗ്ദാനങ്ങളാണ് സ്വന്തമാക്കിയത്. ട്രംപ് ഗ്രൂപ്പിൻ്റെ പ്രഖ്യാപനത്തിന് പുറമേ മറ്റ് 35 ധാരണാപത്രങ്ങളിലായി (എംഒയു) ആകെ 1.9 ലക്ഷം കോടി രൂപയുടെ നിക്ഷേപവാഗ്ദാനങ്ങളാണ് ലഭിച്ചത്.

US President Donald Trump’s business group is preparing to invest Rs 1 lakh crore in projects including ‘Future City’ in Telangana over the next 10 years.

More Stories from this section

family-dental
witywide