ഒഴിവാക്കിയത് ആണവയുദ്ധം, ഇന്ത്യ-പാക് വെടിനിർത്തലിൽ പുതിയ അവകാശവാദവുമായി ട്രംപ്; തള്ളിക്കളഞ്ഞ് ഇന്ത്യ

ന്യൂയോർക്ക്: ഇന്ത്യ – പാകിസ്ഥാൻ വെടിനിർത്തലിൽ പുതിയ അവകാശവാദവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. അമേരിക്കയുടെ ഇടപെടൽ മൂലമാണ് ഇന്ത്യ – പാകിസ്ഥാൻ വെടിനിർത്തൽ യാഥാർത്ഥ്യമായതെന്ന് പറഞ്ഞ ട്രംപ്, ആണവയുദ്ധമാണ് ഒഴിവാക്കിയതെന്ന പുതിയ അവകാശവാദവും മുന്നോട്ടു വച്ചു. ഇന്ത്യ-പാക് സംഘർഷം പരിഹരിക്കാൻ ഇടപെട്ട വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്കും നന്ദിയും അറിയിച്ചു ട്രംപ്. വൈറ്റ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിലായിരുന്നു അമേരിക്കൻ പ്രസിഡന്‍റിന്‍റെ പ്രതികരണം. ഇപ്പോൾ വെടിനിർത്തലിലെത്തിയില്ലെങ്കിൽ വ്യാപാരം നിർത്തുമെന്ന് ഇരുരാജ്യങ്ങളോടും പറഞ്ഞെന്നും ഇതാണ് സമാധാനത്തിന് കാരണമായതെന്നും ട്രംപ് അവകാശപ്പെട്ടു.

” ഒരു ആണവ സംഘർഷമാണ് ഞങ്ങൾ അവസാനിപ്പിച്ചത്. എനിക്ക് തോന്നുന്നത് അതൊരു മോശം ആണവയുദ്ധമായിരുന്നിരിക്കാം എന്നാണ്. ദശലക്ഷക്കണക്കിന് ആളുകൾ കൊല്ലപ്പെടുമായിരുന്നു. ഈ അവസരത്തിൽ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു” ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

അതേസമയം ട്രംപിന്‍റെ അവകാശവാദം തള്ളി ഇന്ത്യ രംഗത്തെത്തി. അമേരിക്കയുമായുള്ള സംഭാഷണത്തിൽ വ്യാപാരത്തെക്കുറിച്ച് പരാമർശമുണ്ടായില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ഇപ്പോൾ വെടിനിർത്തലിലെത്തിയില്ലെങ്കിൽ വ്യാപാരം നിർത്തുമെന്ന് ഇരുരാജ്യങ്ങളോടും പറഞ്ഞെന്ന് ട്രംപിന്‍റെ വാദവും ഇന്ത്യ തള്ളി. ജെ ഡി വാൻസുമായി വിദേശകാര്യമന്ത്രി നടത്തിയ ചർച്ചകളിൽ വ്യാപാരത്തെക്കുറിച്ച് ഒരു പരാമർശവുമുണ്ടായില്ലെന്നാണ് ഇന്ത്യയുടെ വിശദീകരണം.

Also Read

More Stories from this section

family-dental
witywide