
വാഷിംങ്ടൺ: 11 അന്താരാഷ്ട്ര സംഘർഷങ്ങൾക്ക് മധ്യസ്ഥത വഹിച്ചുവെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. സാമൂഹികമാധ്യമമായ എക്സിലെ യുഎസ് പ്രതിനിധിസഭയിലെ റിപ്പബ്ലിക്കൻ പാർട്ടി അംഗമായ ബൈറോൺ ഡൊണാൾഡ്‌സിൻ്റെ പഴയ ഒരു കുറിപ്പ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് ട്രംപ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.
അർമേനിയ-അസർബൈജാൻ, കംബോഡിയ-തായ്ലൻഡ്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ-റുവാണ്ട, ഈജിപ്ത്‌ത്-എത്യോപ്യ, ഇന്ത്യ-പാകിസ്ഥാൻ, ഇസ്രയേൽ-ബഹ്റൈൻ, ഇസ്രയേൽ-ഇറാൻ, ഇസ്രയേൽ-മൊറോക്കോ, ഇസ്രയേൽ-സുഡാൻ, ഇസ്രേയേൽ-യുഎഇ, സെർബിയ-കൊസോവോ എന്നീ സംഘർഷങ്ങളാണ് അമേരിക്ക മധ്യസ്ഥത വഹിച്ചുവെന്ന് അവകാശപ്പെട്ട് ബൈറോൺ പങ്കുവെച്ചിട്ടുള്ളത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം ഉൾപ്പെടെ ഏഴ് അന്താരാഷ്ട്ര സംഘർഷങ്ങൾക്ക് താൻ മധ്യസ്ഥത വഹിച്ചിട്ടുണ്ടെന്നായിരുന്നു ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നത്. അതേസമയം, എന്നാൽ, ട്രംപിന്റെ ഈ അവകാശവാദങ്ങളെ ഇന്ത്യയും പാകിസ്ഥാനും തള്ളിക്കളഞ്ഞിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ ഇരു രാജ്യങ്ങളിലെയും സൈനിക ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ തമ്മിലുള്ള നേരിട്ടുള്ള ചർച്ചകളിലൂടെയാണ് സാധ്യമായതെന്നാണ് രാജ്യങ്ങളുടെ നിലപാട്.
എന്നാൽ, മുൻപും പലവട്ടം ഇന്ത്യ-പാക് സംഘർഷത്തിന് മധ്യസ്ഥത വഹിച്ചത് താനാണെന്ന് അവകാശപ്പെട്ട ഡൊണാൾഡ് ട്രംപ്, ഇക്കഴിഞ്ഞ ദിവസം, ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയും ഇന്ത്യ-പാക് സംഘർഷം അവസാനിച്ചത് തന്റെ ഇടപെടലിലൂടെ ആണെന്ന് ആവർത്തിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ട്രംപ്, പഴയ കുറിപ്പ് വീണ്ടും പങ്കുവെച്ചിരിക്കുന്നത്.