
ഒട്ടാവ : കാനഡയില്‍ ലിബറല്‍ പാര്‍ട്ടി വീണ്ടും അധികാരത്തിലേക്കെത്തിയതോടെ തുടര്‍ഭരണത്തിലേക്ക് എത്തിയ മാര്‍ക്ക് കാര്‍ണിയെ അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രംപിന്റെ തീരുവ നയങ്ങളും കാനഡയെ ഏറ്റെടുക്കുമെന്ന പ്രഖ്യാപനവും കാര്‍ണിയുടെ വിജയത്തിന് അധിക കരുത്തായിരുന്നു. ഈ ട്രംപ് നയങ്ങള്‍ക്കെതിരെയായിരുന്നു കാര്‍ണിയുടെ പ്രചാരണം.
ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടി വിജയത്തിന് മോദി ഉള്‍പ്പെടെയുള്ള ലോകനേതാക്കള്‍ കാര്‍ണിക്ക് അഭിനന്ദനം അറിയിച്ച് എത്തിയിരുന്നു. പിന്നാലെയാണ് ട്രംപിന്റെയും അഭിനന്ദനം. മാത്രമല്ല, ഇരുനേതാക്കളും തമ്മില്‍ വൈകാതെ കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.
‘ഇന്ന്, പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി സംസാരിച്ചു. തിരഞ്ഞെടുപ്പ് വിജയത്തില്‍ പ്രസിഡന്റ് ട്രംപ് പ്രധാനമന്ത്രി കാര്‍ണിയെ അഭിനന്ദിച്ചു. കാനഡയും യുണൈറ്റഡ് സ്റ്റേറ്റ്സും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് നേതാക്കള്‍ സംസാരിച്ചു. ഇരു നേതാക്കളും വൈകാതെ നേരിട്ട് കാണും’- കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.