
വാഷിംഗ്ടണ്‍ : വ്യക്തിപരമായ താത്പര്യക്കുറവു കാരണം സമാധാന ചര്‍ച്ചകളില്‍ നിന്ന് റഷ്യയും യുക്രെയ്‌നും വിട്ടുനില്‍ക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒരു രാജ്യത്തിന്റെ പ്രസിഡന്റിന് മറ്റൊരു രാജ്യത്തിന്റെ പ്രസിഡന്റിനോട് വ്യക്തിപരമായ ഇഷ്ടക്കേടുണ്ടെന്നും ഇതാണ് സമാധാന ചര്‍ച്ചകള്‍ മുടങ്ങാന്‍ കാരണമെന്നും ട്രംപ് പറയുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനേയും യുക്രേനിയന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയെയും വിമര്‍ശിച്ചായിരുന്നു ട്രംപിന്റെ വാക്കുകള്‍.
റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം അവസാനിപ്പിക്കാനും സമാധാനക്കരാറില്‍ ഏര്‍പ്പെടാനും മാരത്തണ്‍ ചര്‍ച്ചകളാണ് ട്രംപ് മുന്‍കൈ എടുത്ത് നടത്തിയത്. എന്നാല്‍ ഒന്നും കാര്യമായ ഫലം കാണുന്നില്ല. ഇത് ട്രംപിനെ ചൊടിപ്പിക്കുന്നുണ്ട്.
‘അദ്ദേഹവുമായി(പുടിന്‍) ഞാന്‍ നടത്തുന്ന ഓരോ സംഭാഷണവും മികച്ചതാണ്. നിര്‍ഭാഗ്യവശാല്‍, അതിനു പിന്നാലെ കീവിലോ മറ്റെവിടെയെങ്കിലുമോ ബോംബ് വര്‍ഷിക്കുമ്പോള്‍ എനിക്ക് ദേഷ്യം വരും,” ഏറ്റവും പുതിയ ചര്‍ച്ചകളെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞു.
റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം അവസാനിപ്പിക്കുന്നതിനുള്ള കരാറില്‍ ഒപ്പിടുന്നതിനായി ഓഗസ്റ്റ് 15-ന് അലാസ്‌കയില്‍ വച്ച് ട്രംപ് പുട്ടിനുമായി ഒരു പ്രധാന ഉച്ചകോടി നടത്തിയിരുന്നു. ഓഗസ്റ്റ് 18-ന് നടന്ന ഫോണ്‍ സംഭാഷണത്തില്‍, സെലെന്‍സ്‌കിയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്താന്‍ പുടിന്‍ സമ്മതിച്ചുവെന്നും ട്രംപ് വെളിപ്പെടുത്തി. എന്നാല്‍, പിന്നീട് അത്തരം ചര്‍ച്ചകള്‍ക്ക് പദ്ധതികളില്ലെന്ന് മോസ്‌കോ വ്യക്തമാക്കുകയായിരുന്നു.