
ന്യൂയോര്‍ക്ക്: ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചില്ലെങ്കില്‍ വ്യാപാരം നിര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇതേത്തുടര്‍ന്നാണ് സംഘര്‍ഷം അവസാനിപ്പിച്ചതെന്നുമുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം തള്ളി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. കശ്മീരിലെ വിനോദസഞ്ചാരം നശിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സാമ്പത്തികയുദ്ധമായിരുന്നു പഹല്‍ഗാം ഭീകരാക്രമണമെന്നും എസ്. ജയ്ശങ്കര്‍ പറഞ്ഞു. മാത്രമല്ല, പാകിസ്താനില്‍നിന്നുള്ള ഭീകരതയെ നേരിടാന്‍ ആണവായുധത്തിന്റെ പേരുപറഞ്ഞ് ഭീഷണിപ്പെടുത്തല്‍ നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെയും പാകിസ്ഥാനെയും വെടിനിര്‍ത്തല്‍ അംഗീകരിക്കാന്‍ നിര്‍ബന്ധിതരാക്കാന്‍ ‘വ്യാപാരം’ ഉപയോഗിച്ചുവെന്നായിരുന്നു യുഎസ് പ്രസിഡന്റ് ട്രംപിന്റെ അവകാശവാദം. യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് ഫോണില്‍ സംസാരിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പം താന്‍ ഉണ്ടായിരുന്നുവെന്നും ഇന്ത്യയെ സംബന്ധിച്ചിടത്തോളം വ്യാപാരവും വെടിനിര്‍ത്തലും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ന്യൂയോർക്കിൽ വച്ച് ‘ന്യൂസ് വീക്കു’മായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് ജയശങ്കറിന്റെ പ്രസ്താവന.
‘മെയ് 9 ന് രാത്രിയില്‍ വൈസ് പ്രസിഡന്റ് വാന്‍സ് പ്രധാനമന്ത്രി മോദിയോട് സംസാരിച്ചപ്പോള്‍ ഞാന്‍ മുറിയില്‍ ഉണ്ടായിരുന്നു. പാകിസ്ഥാനികള്‍ ഇന്ത്യയ്ക്കെതിരെ വളരെ വലിയ ആക്രമണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു… പാകിസ്ഥാനികള്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ കാര്യങ്ങള്‍ക്ക് പ്രധാനമന്ത്രി വഴങ്ങിയില്ല, മറിച്ച്, ഞങ്ങളില്‍ നിന്ന് ഒരു പ്രതികരണം ഉണ്ടാകുമെന്ന് അദ്ദേഹം (മോദി) സൂചിപ്പിച്ചു.- ജയ്ശങ്കര്‍ പറഞ്ഞു.
പിറ്റേന്ന് രാവിലെ വിദേശകാര്യ മന്ത്രിയും യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും തമ്മിലായിരുന്നു സംഭാഷണം. മാര്‍ക്കോ റൂബിയോ അദ്ദേഹത്തോട് ‘പാകിസ്ഥാന്‍ സംസാരിക്കാന്‍ തയ്യാറാണെന്ന്’ പറഞ്ഞു. അന്ന് ഉച്ചകഴിഞ്ഞ്, പാകിസ്ഥാന്‍ മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ കാഷിഫ് അബ്ദുള്ള ഇന്ത്യന്‍ ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായിയെ നേരിട്ട് വിളിച്ച് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടു.- ഇതാണ് സംഭവിച്ചതെന്നും അല്ലാതെ മോദി പറയുംപോലെ അമേരിക്ക വ്യാപാരം നിര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തിയിട്ടില്ലെന്നുമാണ് ജയ്ശങ്കര്‍ വിശദീകരിക്കുന്നത്.