24 മണിക്കൂർ ഭീഷണി വെറുംവാക്കായിരുന്നില്ല, ഇന്ത്യക്ക് ട്രംപിന്‍റെ ഇരട്ടി താരിഫ് പ്രഹരം, 25% അധിക താരിഫിൽ ഒപ്പുവച്ചു, മൊത്തം താരിഫ് 50% ആയി

വാഷിംഗ്ടൺ: 24 മണിക്കൂറിനകം ഇന്ത്യയുടെ താരിഫ് ഉയത്തുമെന്ന ഭീഷണി യാഥാർത്ഥ്യമാക്കി പുതിയ തീരുവ ചുമത്തി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25% അധിക തീരുവ ചുമത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എക്സിക്യൂട്ടിവ് ഉത്തരവിൽ ഒപ്പുവച്ചു. നേരത്തെ ചുമത്തിയ 25% തീരുവയ്ക്ക് പുറമെയാണ് ഈ പുതിയ തീരുവ, ഇതോടെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസിൽ ആകെ 50% തീരുവ ബാധകമാകും. ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന തീരുവ നിരക്ക് ഇന്ത്യയ്ക്കാണ്. റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് തുടരുന്നതിന്റെ പേര് പറഞ്ഞാണ് ഈ നടപടി. കഴിഞ്ഞ ദിവസം സിഎൻബിസി ചാനലിലെ അഭിമുഖത്തിൽ, അടുത്ത 24 മണിക്കൂറിനുള്ളിൽ ഇന്ത്യയ്ക്ക് മേലുള്ള തീരുവ “കാര്യമായ തോതിൽ” വർധിപ്പിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.

“ഇന്ത്യ യുഎസിന്റെ സുഹൃത്താണ്, പക്ഷേ അവർ ഏറ്റവും ഉയർന്ന തീരുവ ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ്. യുഎസ് ഇന്ത്യയുമായി കാര്യമായ വ്യാപാരം നടത്തുന്നില്ല, കാരണം അവരുടെ തീരുവയും വ്യാപാര തടസ്സങ്ങളും അസഹനീയമാണ്,” ട്രംപ് പറഞ്ഞു. റഷ്യയിൽ നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നത് തുടരുന്നതിനെ വിമർശിച്ച അദ്ദേഹം, ഇത് യുക്രെയ്ൻ യുദ്ധത്തിന് ഇന്ധനം പകരുന്നുവെന്നും ആരോപിച്ചു. ഇന്ത്യ-യുഎസ് വ്യാപാര കരാർ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, തീരുവ വർധനവ് ഇന്ത്യയുടെ കയറ്റുമതി മേഖലകളെ, പ്രത്യേകിച്ച് ഫാർമ, ആഭരണം, തുണിത്തരങ്ങൾ തുടങ്ങിയവയെ പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യ സന്ദർഭത്തിനനുസരിച്ച് ഡബ്ല്യുടിഒയിലോ ഉഭയകക്ഷി ചർച്ചകളിലൂടെയോ പ്രതികരിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

More Stories from this section

family-dental
witywide