
വാഷിംഗ്ടൺ: റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന പദ്ധതിയുടെ കരട് അമേരിക്ക യുക്രൈന് കൈമാറി. അമേരിക്കയും റഷ്യയും ചേർന്നാണ് കരാർ രൂപീകരിച്ചതെന്നാണ് വിവരം. യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കി ഉടൻ തന്നെ ട്രംപുമായി നേരിട്ട് സംസാരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പദ്ധതിയനുസരിച്ച് യുദ്ധം നിർത്തിവെക്കലും യുദ്ധമേഖലയിൽ വെടിനിർത്തൽ പ്രഖ്യാപിക്കലും ഉൾപ്പെടും. യുക്രൈൻ ഈ കരട് പദ്ധതി അംഗീകരിക്കുമെന്നാണ് അമേരിക്കൻ ഭരണകൂടത്തിന്റെ പ്രതീക്ഷ.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ട്രംപിന്റെ പ്രത്യേക ദൂതന്മാർ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് പദ്ധതി തയാറാക്കിയത്. യൂറോപ്യൻ രാജ്യങ്ങളെയും ഇക്കാര്യത്തിൽ ഉൾപ്പെടുത്തിയേക്കുമെന്ന് സൂചനയുണ്ട്. യുദ്ധം ആരംഭിച്ച് മൂന്ന് വർഷത്തിനടുത്ത് എത്തിയിരിക്കെ ട്രംപിന്റെ നീക്കം ഏറെ പ്രതീക്ഷയുണർത്തുന്നു. യുക്രൈന് സൈനിക സഹായം തുടരണോ വേണ്ടയോ എന്നതിൽ ട്രംപ് നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ സമാധാന ചർച്ചകൾക്ക് മുൻകൈയെടുക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തന്നെ അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. കരട് പദ്ധതിയോട് യുക്രൈൻ എങ്ങനെ പ്രതികരിക്കുമെന്നതാണ് ഇനി ലോകം ഉറ്റുനോക്കുന്നത്.














