
ന്യൂഡല്‍ഹി : ഇന്ത്യയെ പിന്തുണച്ചും പാക്കിസ്ഥാനെ തകര്‍ക്കുമെന്നും പറയുന്ന ഡോണള്‍ഡ് ട്രംപിന്റെ വീഡിയോ വ്യാജം. യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ ‘പാകിസ്ഥാനെ ഇല്ലാതാക്കുമെന്നും’ ഇന്ത്യയെ പിന്തുണയ്ക്കുമെന്നും യുഎസ് പ്രസിഡന്റ് പറയുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
യുദ്ധം വേണ്ട, സമാധാനം വേണമെന്നും പക്ഷേ പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിച്ചാല്‍, ഞാന്‍ ഇന്ത്യയെ പിന്തുണയ്ക്കും, പാകിസ്ഥാനെ ഇല്ലാതാക്കും, ചൈനയ്ക്കും ഇതൊരു മുന്നറിയിപ്പാണ് എന്നും മറ്റും ട്രംപ് പറയുന്നതായാണ് വീഡിയോയിലുള്ളതെങ്കിലും ഇത് എഐ സാങ്കേതിക വിദ്യയിലൂടെ സൃഷ്ടിച്ചെടുത്ത വീഡിയോയാണെന്ന് പലരും തിരിച്ചറിഞ്ഞിട്ടില്ല. ഇതറിയാതെ നിരവധി പേരാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്.
‘ന്യൂയോര്‍ക്കിലെ ഇക്കണോമിക് ക്ലബ്ബില്‍ സംസാരിക്കുന്ന ഡോണള്‍ഡ് ട്രംപ് സമ്പദ്വ്യവസ്ഥയെക്കുറിച്ചും നികുതി ഇളവുകളെക്കുറിച്ചും വ്യാപാര പരിഷ്‌കാരങ്ങളെക്കുറിച്ചും ഒക്കെയാണ് സംസാരിക്കുന്നത്. എന്നാല്‍. ഇതില്‍ എഐ വിദ്യ ഉപയോഗിച്ച് ഇന്ത്യ പാക് യുദ്ധത്തെക്കുറിച്ചുള്ള സംസാരമാക്കി വ്യാജ വീഡിയോ സൃഷ്ടിക്കുകയായിരുന്നു.
ഇന്ത്യ- പാക് സംഘര്‍ഷത്തില്‍ യുഎസ് ഇപ്പോഴും നിഷ്പക്ഷ നിലപാടിലാണുള്ളത്. ഇന്ത്യയോടും പാക്കിസ്ഥാനോടും ആയുധം താഴെവയ്ക്കാന്‍ പറയാന്‍ തനിക്കാവില്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇരു രാജ്യങ്ങളോടും സംഘര്‍ഷം കുറയ്ക്കാന്‍ യുഎസ് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിനിടയിലാണ് ട്രംപിന്റെ വ്യാജ വീഡിയോയുടെ വരവ്.









