വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും തമ്മിലുള്ള കൂടിക്കാഴ്ച നാളെ (വ്യാഴം) നടക്കും. കൂടിക്കാഴ്ചയിൽ അമേരിക്ക–ചൈന വ്യാപാര ഉടമ്പടി യാഥാർത്ഥ്യമാകുമെന്ന് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു. ദക്ഷിണ കൊറിയയിലെ ഗ്യോംഗ്ജുവിൽ നടന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ സമ്മേളനത്തിൽ സംസാരിക്കവേയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
ഞങ്ങൾ നല്ലൊരു ഉടമ്പടി ഉണ്ടാക്കുമെന്നു വിശ്വസിക്കുന്നു. ഇത് ഇരുരാജ്യങ്ങൾക്കും ഗുണകരമായിരിക്കുമെന്ന് ട്രംപ് പറഞ്ഞു. ഷി ജിൻപിങിനോട് എനിക്ക് ബഹുമാനമുണ്ട്. ഈ യാത്ര അവസാനിക്കുമ്പോഴേക്കും ഒരു കരാറിലേക്ക് നാം എത്തുമെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച ഷിയുമായുള്ള ചർച്ചയാണ് ട്രംപിന്റെ ഏഷ്യൻ സന്ദർശനത്തിലെ പ്രധാന ആകർഷണം. കഴിഞ്ഞ മാസങ്ങളായി തുടരുന്ന വ്യാപാരയുദ്ധം ഇരുരാജ്യങ്ങളെയും കടുത്ത സമ്മർദത്തിലാക്കിയിരുന്നു.
അമേരിക്ക ചൈനയുടെ ധാതുക്കളുടെ കയറ്റുമതി നിയന്ത്രണം ഇളവാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. അതിനില്ലെങ്കിൽ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 100% തീരുവ ചുമത്തുമെന്ന ഭീഷണിയും അമേരിക്ക ഉന്നയിച്ചിട്ടുണ്ട്. എന്നാൽ പുതിയ ചർച്ചകൾക്ക് പിന്നാലെ ആ തീരുവ താൽക്കാലികമായി നീക്കം ചെയ്തതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് വ്യക്തമാക്കി.
വ്യാപാര യുദ്ധം മൂലം ചൈന അമേരിക്കൻ സോയാബീൻ വാങ്ങൽ നിർത്തിയതും ട്രംപ് ഭരണകൂടത്തിന് തിരിച്ചടിയായി. എന്നാൽ ഈ വിലക്ക് ഉടൻ നീങ്ങുമെന്ന പ്രതീക്ഷയും അമേരിക്ക പ്രകടിപ്പിച്ചിട്ടുണ്ട്.
Trump hopeful of trade deal; Trump-Xi Jinping talks tomorrow














