
ന്യൂഡല്‍ഹി: ജി7 രാജ്യങ്ങളുടെ ഉച്ചകോടിക്കായി കാനഡയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അവിടുത്തെ സന്ദര്‍ശനത്തിനുശേഷം യുഎസിലേക്കു വരാന്‍ ക്ഷണിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ ട്രംപിന്റെ ക്ഷണം നിരസിച്ച മോദി ക്രൊയേഷ്യയ്ക്കു തിരിച്ചു. ഇരുനേതാക്കളും ഫോണിലൂടെ സംസാരിക്കുമ്പോഴായിരുന്നു ട്രംപ് മോദിയെ യുഎസിലേക്ക് ക്ഷണിച്ചതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു.
ക്രൊയേഷ്യയിലേക്കുള്ള യാത്ര മോദി നേരത്തേ തീരുമാനിച്ചതായിരുന്നു. അതിനാലാണ് ട്രംപിന്റെ ക്ഷണം നിരസിച്ചത്. എന്നാല്‍, ക്വാഡ് രാജ്യങ്ങളുടെ അടുത്ത യോഗത്തില്‍ പങ്കെടുക്കാനായി മോദി ട്രംപിനെ ഇന്ത്യയിലേക്കു ക്ഷണിച്ചു. ഇന്ത്യയിലെത്താന്‍ ആവേശത്തോടെ കാത്തിരിക്കുകയാണെന്നു പറഞ്ഞെന്നും, ട്രംപ് ക്ഷണം സ്വീകരിച്ചെന്നും മിസ്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഈ ഫോണ്‍ കോളിലായിരുന്നു ഇന്ത്യ- പാക് സംഘര്‍ഷത്തില്‍ യുഎസിന്റെ മധ്യസ്ഥത സ്വീകരിച്ചില്ലെന്ന് മോദി ട്രംപിനെ അറിയിച്ചത്.