
വാഷിംഗ്ടൺ: പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇൻ്റൽ സിഇഒ ലിപ്-ബു ടാനുമായി ചേർന്ന് പ്രവർത്തിക്കാൻ തൻ്റെ കാബിനറ്റിനോട് ആവശ്യപ്പെട്ടു. ടാനിനെ പുറത്താക്കാൻ ആവശ്യപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ് ട്രംപിന്റെ ഈ മലക്കംമറിച്ചിൽ.
“ഞാൻ ഇൻ്റലിന്റെ ലിപ്-ബു ടാനുമായി വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്ട്നിക്കിനും ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിനുമൊപ്പം കൂടിക്കാഴ്ച നടത്തി,” ട്രംപ് തിങ്കളാഴ്ച ട്രൂത്ത് സോഷ്യലിൽ കുറിച്ചു. “വളരെ രസകരമായ കൂടിക്കാഴ്ചയായിരുന്നു അത്. അദ്ദേഹത്തിന്റെ വിജയവും വളർച്ചയും അതിശയിപ്പിക്കുന്ന ഒരു കഥയാണ്. ടാനും എന്റെ കാബിനറ്റ് അംഗങ്ങളും ഒരുമിച്ച് സമയം ചെലവഴിക്കുകയും അടുത്ത ആഴ്ച നിർദ്ദേശങ്ങൾ എനിക്ക് സമർപ്പിക്കുകയും ചെയ്യും. ഈ വിഷയത്തിൽ നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി!” ട്രംപ് പറഞ്ഞു.
ലിപ്-ബു ടാൻ “തീവ്ര താൽപ്പര്യ വൈരുദ്ധ്യമുള്ളയാളാണെന്നും” അദ്ദേഹത്തിന് രാജിവെയ്ക്കുകയല്ലാതെ “മറ്റൊരു പോംവഴിയുമില്ലെന്നും” ട്രംപ് ആരോപിച്ചതിന് പിന്നാലെയാണ് ഈ മാറ്റം. ടാനിന്റെ മുൻകാല നിക്ഷേപങ്ങളിൽ റിപ്പബ്ലിക്കൻ സെനറ്റർ ടോം കോട്ടൺ ഉന്നയിച്ച ആശങ്കകൾ ട്രംപിന്റെ വിമർശനത്തിൽ പ്രതിഫലിച്ചിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായും പീപ്പിൾസ് ലിബറേഷൻ ആർമിയുമായും ബന്ധമുള്ള നൂറുകണക്കിന് ചൈനീസ് കമ്പനികളിൽ ടാൻ നിക്ഷേപം നടത്തിയിട്ടുണ്ടെന്നായിരുന്നു കോട്ടന്റെ ആരോപണം.