സൗദി കിരീടാവകാശി സാക്ഷി, കാൽ നൂറ്റാണ്ടിന്റെ പിണക്കം പഴങ്കഥ! ക്ലിന്റന് ശേഷം ഒരു അമേരിക്കൻ പ്രസിഡന്റ് സിറിയയുമായി കൂടിക്കാഴ്ച്ച നടത്തി, ചരിത്രം കുറിച്ച് ട്രംപ്

റിയാദ്: ഗൾഫ് സന്ദർശനത്തിനിടെ സിറിയയുമായുള്ള കാൽ നൂറ്റാണ്ട് പിന്നിട്ട അമേരിക്കയുടെ പിണക്കം തീർത്ത് ചരിത്രം സൃഷ്ടിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷറായുമായി ഡോണൾഡ് ട്രംപ് കൂടിക്കാഴ്ച നടത്തി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ സാക്ഷിയാക്കി ആയിരുന്നു കൂടിക്കാഴ്ച്ച. തുർക്കി പ്രസിഡന്റ് റജബ്ബ് തയ്യിബ് എർദോ​ഗാൻ ഫോൺ വഴിയും കൂടിക്കാഴ്ച്ചയിൽ പങ്കാളിയായി. 33 മിനിട്ട് ദൈർഘ്യമേറിയതായിരുന്നു കൂടിക്കാഴ്ച.

25 വർഷത്തിന് ശേഷമാണ് ഇരു രാജ്യങ്ങളിലെയും പ്രസിഡന്റുമാർ കൂടിക്കാഴ്ച നടത്തുന്നത്. 2000 ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന ക്ലിന്റണും സിറിയൻ പ്രസിഡന്റായിരുന്ന ഹാഫിസ് അൽ അസദും ജനീവയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.

അമേരിക്കയുടെ നയങ്ങളിൽ മാറ്റം വരുത്തുന്ന സുപ്രധാന കൂടിക്കാഴ്ചയായിരുന്നു ഇത്. സിറിയക്കെതിരെയുള്ള ഉപരോധം നീക്കുമെന്ന് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. സൗദി-യുഎസ് നിക്ഷേപ ഉച്ചകോടിയിൽ സംസാരിക്കവേയായിരുന്നു ലോകത്തെ അമ്പരിപ്പിച്ച പ്രഖ്യാപനം. ബഷാർ അൽ അസദിന്റെ കാലത്താണ് സിറിയക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയിരുന്നത്.

ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുക, തീവ്രവാദ ബന്ധമുള്ളവരെ രാജ്യത്ത് നിന്നു പുറത്താക്കുക, ഐഎസ് വീണ്ടും തലപൊക്കുന്നത് തടയുക തുടങ്ങി അഞ്ച് ഉപാധികളാണ് ട്രംപ് സിറിയയ്ക്ക് മുന്നിൽ വെച്ചിരിക്കുന്നത്. ഹമാസിന് സംരക്ഷണം നൽകരുതെന്നും വടക്കു കിഴക്കൻ സിറിയയിലെ ക്യാമ്പുകളിൽ കഴിയുന്നവരുടെ കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ട്രംപ് സിറിയക്ക് നിർദേശം നൽകി.

More Stories from this section

family-dental
witywide