
വാഷിങ്ടന്‍: യുക്രെയ്ന്‍ – റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ വര്‍ധിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി വൈറ്റ് ഹൗസില്‍ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും. യുഎസില്‍നിന്നു കൂടുതല്‍ സൈനികസഹായം തേടിയാണ് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ചക്കെത്തുന്നത്. യുഎസ് നിര്‍മിത ടോമഹോക് മിസൈലുകള്‍ക്കായി സെലന്‍സ്‌കി ട്രംപിനോട് ആവശ്യപ്പെടും. എന്നാല്‍, മിസൈല്‍ നല്‍കിയാല്‍ ഇരുരാഷ്ട്രങ്ങളും തമ്മിലെ ബന്ധത്തിന് വലിയ തകരാര്‍ സംഭവിക്കുമെന്നാണ് റഷ്യയുടെ നിലപാട്.
അതേസമയം, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനുമായി ട്രംപ് ഫോണില്‍ സംസാരിച്ചു. പുട്ടിനുമായുള്ള ചര്‍ച്ചകളില്‍ കാര്യമായ മുന്നേറ്റമുണ്ടായതായി ട്രംപ് പറഞ്ഞു. സെലന്‍സ്‌കി എത്തുന്നതിനു മുന്നോടിയായാണ് ഇരു നേതാക്കളും ഫോണില്‍ സംസാരിച്ചത്. ഗാസയില്‍ സമാധാനക്കരാര്‍ കൊണ്ടുവന്നതില്‍ പുട്ടിന്‍ തന്നെ അഭിനന്ദിച്ചതായി ട്രംപ് പറഞ്ഞു.
യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ താനും പുട്ടിനും വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് അറിയിച്ചു. എന്നായിരിക്കും ഈ കൂടിക്കാഴ്ചയെന്ന് വ്യക്തമല്ല.