
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനുണ്ടായിരുന്ന നല്ല ബന്ധം അവസാനിച്ചെന്ന് യുഎസ് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ. ട്രംപിന്റെ താരിഫ് നയങ്ങൾക്ക് പിന്നാലെ, ഏകദേശം രണ്ട് ദശാബ്ദക്കാലം നല്ല നിലയിൽ തുടർന്ന ഇന്ത്യ-യുഎസ് ബന്ധം ഏറ്റവും വഷളായെന്നും ബോൾട്ടൻ അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് മാധ്യമമായ എൽബിസിയുമായുള്ള അഭിമുഖത്തിൽ, ട്രംപ് അന്താരാഷ്ട്ര ബന്ധങ്ങൾ വ്യക്തിപരമായ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് നിലനിർത്തുന്നതെന്ന് ബോൾട്ടൺ അഭിപ്രായപ്പെട്ടു. “ട്രംപിന് മോദിയുമായി വളരെ നല്ല ബന്ധമുണ്ടായിരുന്നു, എന്നാൽ അത് ഇപ്പോൾ ഇല്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്,” അദ്ദേഹം പറഞ്ഞു.
ഇന്ത്യ-യുഎസ് ബന്ധം ദുർബലമാകുന്നതിനിടെ, മോദി റഷ്യയോടും ചൈനയോടും കൂടുതൽ അടുക്കുകയാണെന്നും ബോൾട്ടൺ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത അഭിമുഖത്തിൽ സൂചിപ്പിച്ചു. വ്യക്തിപരമായ ബന്ധങ്ങൾ ചിലപ്പോൾ സഹായകമാകുമെങ്കിലും, ഏറ്റവും പ്രതികൂല സാഹചര്യങ്ങളിൽ അവ പര്യാപ്തമല്ലെന്ന് അദ്ദേഹം ഉദാഹരണസഹിതം വിശദീകരിച്ചു. ട്രംപിന്റെ യുകെ സന്ദർശനം (സെപ്റ്റംബർ 17-19) അടുത്തിരിക്കെ, ഈ പരാമർശങ്ങൾ ശ്രദ്ധേയമാണ്. ഇന്ത്യ-യുഎസ് ബന്ധത്തിലെ വിള്ളലുകൾ, ആഗോള രാഷ്ട്രീയത്തിൽ പുതിയ സഖ്യങ്ങളും മാറ്റങ്ങളും സൂചിപ്പിക്കുന്നതായി ബോൾട്ടൺ വിലയിരുത്തി.