ഖമേനിയെ നിന്ദ്യവും ദാരുണവുമായ മരണത്തില്‍ നിന്ന് രക്ഷിച്ചെന്ന പ്രസ്താവന ദശലക്ഷക്കണക്കിന് അനുയായികളെ വേദനിപ്പിച്ചു, ട്രംപിനെതിരെ ഇറാൻ; ‘ബഹുമാനത്തോടെ സംസാരിക്കണം’

ടെഹ്റാൻ: പരമോന്നത നേതാവായ ആയത്തുല്ല ഖമേനിയെ അങ്ങേയറ്റം നിന്ദ്യവും ദാരുണവുമായ മരണത്തില്‍ നിന്ന് രക്ഷിച്ചത് താനാണെന്നുള്ള അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രസ്താവനക്കെതിരെ ഇറാൻ. യു എസ് പ്രസിഡന്‍റിന്‍റേത് അനാദരവ് നിറഞ്ഞ അഭിപ്രായമാണെന്നും, ട്രംപിന്റെ ഭാഷയ്ക്ക് ബഹുമാനം വേണമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു. ട്രംപ് വ്യാമോഹങ്ങൾ ഒഴിവാക്കണമെന്നും ഇറാന്റെ യഥാർത്ഥ ശേഷി വെളിപ്പെടുത്താൻ മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഖമനയിയുടെ ദശലക്ഷക്കണക്കിന് അനുയായികളെ വേദനിപ്പിക്കുന്ന പരാമർശമാണ് ട്രംപ് നടത്തിയതെന്നും ഇത്തരം പരാമർശങ്ങൾ അവസാനിപ്പിക്കണമെന്നും ഇറാൻ വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു.

ഖമനയി ഒളിച്ചിരുന്ന സ്ഥലം തനിക്ക് കൃത്യമായി അറിയാമായിരുന്നുവെന്നും തന്‍റെ കാരുണ്യത്താലാണ് ഖമനയി ജീവനോടെ രക്ഷപെട്ടതെന്നുമാണ് ട്രംപ് അവകാശപ്പെട്ടത്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഈ പരാമർശങ്ങൾ തള്ളിക്കളഞ്ഞുകൊണ്ടാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി രംഗത്തെത്തിയത്.

ഇസ്രയേലിന്റെയും അമേരിക്കയുടെയും ആക്രമണങ്ങളെ പരിഹസിച്ചും ഇനി ആക്രമണമുണ്ടായാൽ ഇതിലും ശക്തമായ തിരിച്ചടി നൽകുമെന്നും പ്രഖ്യാപിച്ച് അരാഗ്ചി പറഞ്ഞു. ഇറാന്റെ ആക്രമണത്തിൽ നിന്ന് രക്ഷ തേടി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സഹായം തേടി ഓടുകയായിരുന്നുവെന്നും ഇറാൻ വിദേശകാര്യ മന്ത്രി പരിഹസിച്ചു. “ഡാഡിയുടെ അടുത്തേക്ക് ഓടിപ്പോയി” എന്നായിരുന്നു ഇസ്രയേലിനെതിരായ അരാഗ്ചിയുടെ പരിഹാസം. ഇസ്രയേലിന് മറ്റ് വഴികളില്ലാതെ അമേരിക്കയെ ആശ്രയിക്കേണ്ട ഗതികേടാണ് ഉണ്ടായതെന്നും അദ്ദേഹം സമൂഹമാധ്യമമായ ‘എക്സി’ൽ കുറിച്ചു.